നിലന്പൂർ: വിദ്യാർഥിക്ക് സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തെ തുടർന്നുണ്ടായ പരാതിയിൽ വിനോദയാത്ര മാറ്റിവച്ച് സ്കൂൾ അധികൃതർ. എരഞ്ഞിമങ്ങാട് ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 20, 21 തീയതികളിൽ നടത്താനിരുന്ന വിദ്യാർഥികളുടെ വിനോദയാത്ര തീയതി പറയാതെ മാറ്റിവച്ചു.
എസ്സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിക്ക് വിനോദയാത്രയിൽ പങ്കെടുക്കുന്നതിനെ പിടിഎ കമ്മറ്റി എതിർത്തതോടെ മാതാവ് ചാലിയർ പണപൊയിൽ കോളനിയിലെ ലക്ഷ്മി നിലന്പൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് വിനോദ യാത്ര പോകുന്ന പ്ലസ്ടു വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗം തിങ്കളാഴ്ച്ച സ്കൂളിൽ ചേർന്നു.
വിലക്ക് ഏർപ്പെടുത്തിയ വിദ്യാർഥിയെ പങ്കെടുപ്പിക്കാൻ കഴിയില്ലെന്ന് പിടിഎ അധികൃതരും പ്രിൻസിപ്പലും അടക്കം നിലപാട് സ്വീകരിച്ചതോടെ കുട്ടിയെ വിനോദയാത്ര സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് എസ്എംസി ചെയർമാനും ഭൂരിഭാഗം രക്ഷിതാക്കളും ആവശ്യപ്പെട്ടു.
തന്റെ കുട്ടിയെ വിനോദയാത്രയിൽ ഉൾപ്പെടുത്താൻ വേണ്ടി അധ്യാപകരോടും പിടിഎ കമ്മറ്റിയോടും മാപ്പ് ചോദിക്കുകയാണെന്ന് മാതാവ് കണ്ണീരോടെ അപേക്ഷിച്ചെങ്കിലും വിനോദയാത്ര വേണ്ടെന്ന് വയ്ക്കുകയാണെന്നും പരാതി ഉയർന്ന സാഹചര്യത്തിൽ അനുമതി വാങ്ങേണ്ടെന്നും വിനോദയാത്രയുടെ ചാർജുള്ള അധ്യാപകനായ വർഗീസ് വ്യക്തമാക്കി. ഈ കുട്ടിയെ ഒഴിവാക്കാൻ 193 കുട്ടികളുടെ വിനോദയാത്രയും വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തന്റെ മകന് നീതി നിഷേധിച്ചവർക്കെതിരെ നീതിക്കുള്ള പോരാട്ടം തുടരാനാണ് മാതാവിന്റെ തീരുമാനം.
പിടിഎ പ്രസിഡന്റ് ഹാരീസ് ആട്ടിരി, പ്രിൻസിപ്പൽ റോസമ്മ ജോണ്, എസ്എംസി ചെയർമാൻ മുസ്തഫ ചോലയിൽ, എംടിഎ പ്രസിഡന്റ് ബീനാ.പി.കുമാർ, പി.ടി.എ. വൈസ് പ്രസിഡന്റ് എം.സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.