തിരുവനന്തപുരം: കടയ്ക്കാവൂരിൽ പതിന്നാലുകാരനെ അമ്മ ദുരുപയോഗിച്ചെന്ന ഗുരുതര ആരോപണം കൈകാര്യം ചെയ്യുന്നതിൽ വൻ വീഴ്ച സംഭവിച്ചതായി സൂചന.
ഇത്രയും ഗുരുതരവും സെൻസിറ്റീവുമായ സംഭവം വേണ്ടത്ര പരിശോധനയോ ശ്രദ്ധയോ ഇല്ലാതെയാണ് പോലീസ് കൈകാര്യം ചെയ്തതെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്.
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും അപമാനകരമാകാവുന്ന ആരോപണം ഉയർന്നപ്പോൾ തിടുക്കപ്പെട്ടു കേസെടുത്ത് ആ സത്രീയെ ജയിലിൽ അടച്ചതിനെതിരേയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ശക്തമായത്.
ഭാര്യയും ഭർത്താവും തമ്മിൽ കടുത്ത വഴക്കും വിരോധവും നിലനിൽക്കുന്പോൾ ഈ പരാതിയെക്കുറിച്ചു കൂടുതൽ ആഴത്തിൽ പോലീസ് പഠിക്കുകയും സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്യേണ്ടിയിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
പിതാവിന്റെ ഒപ്പം താമസിക്കുന്ന മകൻ ഉയർത്തിയ ആരോപണത്തിന്റെ നിജസ്ഥിതി എത്രത്തോളം പോലീസ് പരിശോധിച്ചിട്ടുണ്ടെന്നതിലാണ് ഇപ്പോൾ സംശയം ഉയർന്നിരിക്കുന്നത്.
അട്ടല്ലൂരി അന്വേഷിക്കുന്നു
സംഭവം വിവാദമായതോടെ കേസിൽ തിരുവനന്തപുരം റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി ഇന്ന് അന്വേഷണം ആരംഭിക്കും. യുവതിയെ ഭർത്താവ് കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന ആരോപണങ്ങളും ഇളയകുട്ടിയുടെ വെളിപ്പെടുത്തലും പുറത്തു വന്നതോടെ സംഭവം വിവാദമാകുകയായിരുന്നു.
യുവതിയെ ഭർത്താവ് കള്ളക്കേസിൽ കുടുക്കിയതാണെന്നാരോപിച്ചു യുവതിയുടെ ബന്ധുക്കളും ആക്ഷൻ കൗണ്‍സിലും ഡിജിപിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം ഐജി ഹർഷിത അട്ടല്ലൂരിയ്ക്കു കൈമാറിയത്.
ഫയലുകൾ വിളിപ്പിച്ചു
ചൈൾഡ് ലൈൻ നടത്തിയ കൗണ്‍സിലിംഗ് റിപ്പോർട്ടും പോലീസ് തയാറാക്കിയ എഫ്ഐആറും അനുബന്ധ രേഖകളും ഐജി പരിശോധിക്കും. പരാതി മുതൽ കുട്ടിക്കു കൗൺസിലിംഗ് നടത്തിയതും അറസ്റ്റിലേക്ക് നീങ്ങിയതുമടക്കം മുഴുവൻ നടപടികളും ഐജി പരിശോധിക്കും.
പോലീസ് തിടുക്കം കാട്ടിയോ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചോ തുടങ്ങിയവ അറിയുന്നതിനു ഫയലുകൾ വിളിപ്പിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പിയിൽ നിന്നും കടയ്ക്കാവൂർ എസ്ഐയിൽ നിന്നും വിവരങ്ങൾ തേടും.
പോലീസിനു വീഴ്ച പറ്റിയിട്ടുണ്ടെന്നു കണ്ടെത്തിയാൽ തുടരന്വേഷണത്തിനു കോടതിയിൽ റിപ്പോർട്ട് നൽകാനും സാധ്യതയുണ്ട്. യുവതിയുമായി പിരിഞ്ഞു കഴിയുന്ന ഭർത്താവിന്റെയും കുട്ടികളുടെയും മൊഴികളും യുവതിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴികളും ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും.
പോലീസിനെതിരേ ശിശുക്ഷേമ സമിതി
അതേസമയം, ശിശുക്ഷേമസമിതി യുടെ പരാതിയിലാണ് പോലീസ് കേസെടുത്തതെന്ന വാദം തള്ളി ശിശുക്ഷേമസമിതി ജില്ലാ അധ്യക്ഷ പോലീസിനെതിരെ ഇന്നു ഡിജിപിക്കു പരാതി നൽകും. വിവരം നൽകിയ ആൾ എന്ന രീതിയിൽ പോലീസ് തന്റെ പേര് എഫ്ഐആറിൽ ചുമത്തിയെന്നു സമിതി അധ്യക്ഷ സുനന്ദ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
എന്നാൽ, അത്തരമൊരു വിവരം താൻ നൽകിയിട്ടില്ലെന്നാണ് സുനന്ദ പറയുന്നത്. കൗൺസിലിംഗ് റിപ്പോർട്ട് മാത്രമാണ് നൽകിയതെന്നും ഇതു മൊഴിയായി കണക്കാക്കാൻ ആവില്ലെന്നും ശിശുക്ഷേമ സമിതി അധ്യക്ഷ പറയുന്നു.
ഗൂഢാലോചനയോ?
യുവതിയുടെ ഭർത്താവും കടയ്ക്കാവൂർ പോലീസും ചേർന്നു നടത്തിയ ഗൂഢാലോചനയാണ് യുവതിയെ പോക്സോ വകുപ്പ് ചുമത്തി കള്ളക്കേസിൽപ്പെടുത്തി ജയിലിൽ അടയ്ക്കാൻ കാരണമെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
അമ്മയെ പിതാവ് ജയിലിൽ അടയ്ക്കുമെന്നു മുൻപ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും തന്റെ സഹോദരനെ മർദിച്ചു ഭീഷണിപ്പെടുത്തിയാണ് അമ്മയ്ക്കെതിരേ മൊഴി കൊടുപ്പിച്ചു കേസിൽപ്പെടുത്തിയതെന്നാണ് ഇളയകുട്ടി മാധ്യമപ്രവർത്തകരോടും നാട്ടുകാരോടും പറഞ്ഞിരിക്കുന്നത്.
കൂടുതൽ മർദനം ഭയന്നാണ് കുട്ടി മൊഴി നൽകിയതെന്നാണ് ആരോപണം. അതേസമയം, ദുരുപയോഗം സംബന്ധിച്ചു മകൻ കൗണ്‍സിലിംഗിനിടെ നൽകിയ വിവരങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന വിധത്തിലുള്ള കൗണ്‍സലിംഗ് റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്.
ഇതിനിടെ, കുട്ടിയെ വീണ്ടും കൗൺസലിംഗിനു വിധേയനാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതിനായി കോടതിയെ സമീപിക്കാൻ പ്രതിഭാഗം ഒരുങ്ങുന്നതായാണ് സൂചന.