ഏറ്റുമാനൂർ: അമ്മയുടെ വാത്സല്യം അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ജുവലിനെ തേടിയെത്തി വിധിയുടെ ക്രൂരത.
അമ്മയ്ക്കും അച്ഛനുമൊപ്പം വാത്സല്യ വീട്ടിൽ പുതിയ ജീവിതം പ്രതീക്ഷിച്ച ജുവലിന്റെ കണ്മുന്നിൽ പൊലിഞ്ഞു വീണത് അമ്മയുടെ ജീവൻ.
ഏറ്റുമാനൂർ – മണർകാട് ബൈപാസിൽ ചെറുവാണ്ടൂരിൽ സീബ്രാലൈനിലൂടെ റോഡ് മുറിക്കുകയായിരുന്ന ജുവലിനേയും അമ്മ സാലിയേയും അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ചെറുവാണ്ടൂർ വള്ളോംകുന്നേൽ എം.പി. ജോയിയുടെ ഭാര്യ സാലി (46) യാണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ജുവൽ (ഒന്പത്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 വർഷമായി സാലി – ജോയി ദന്പതികളുടെ വിവാഹം കഴിഞ്ഞിട്ട്.
കുട്ടികളുണ്ടാകാൻ സാധ്യതയില്ലെന്നു ഉറപ്പിച്ചതോടെ കുട്ടിയെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടാഴ്ച മുന്പാണ് കുട്ടിയെ ഡൽഹിയിൽനിന്നു ദത്തെടുക്കുന്നത്.
ജുവൽ എന്ന പേരു നൽകിയതും ഇരുവരുമാണ്. ഞായറാഴ്ച രാത്രി ബന്ധുവിനെ കാണാൻ പോയ ശേഷം മടങ്ങുന്നതിനിടയിലാണു മണർകാട് ഭാഗത്തുനിന്നുമെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ സാലിയുടെ കൈയിൽനിന്നും തെറിച്ച കുട്ടി റോഡരികിലേക്കാണു വീണത്. അപകടത്തിൽനിന്നു പെണ്കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് സാലിയും കുട്ടിയെയും തെള്ളകത്തെ ആശുപത്രിയിൽ എത്തിച്ചു.അപ്പോഴേക്കും സാലിയുടെ മരണം സംഭവിച്ചിരുന്നു.
ഡ്രൈവർ അറസ്റ്റിൽ
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വീട്ടമ്മ കാർ ഇടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ഏറ്റുമാനൂർ കൊടുവത്താനം സ്വദേശി ശ്രീജിത്തിനെയാണു പോലീസ് അറസ്റ്റുചെയ്തത്.
ദത്തെടുത്ത കുഞ്ഞിനെ ബന്ധുവിനെക്കാണിക്കുന്നതിനായി കൊണ്ടുപോകുന്നതിനിടയിൽ ഏറ്റുമാനൂർ – മണർകാട് ബൈപാസിൽ ചെറുവാണ്ടൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തലെത്തിയ കാറിടിച്ച് ചെറുവാണ്ടൂർ വള്ളോംകുന്നേൽ സാലിയാ(46)ണു മരിച്ചത്.
ഞായറാഴ്ച രാത്രി 8.30 നായിരുന്നു അപകടം. ഡൽഹിയിലായിരുന്ന സാലി ദത്തെടുത്ത കുഞ്ഞിനെ ബന്ധുവിനെ കാണിക്കാൻ പോയശേഷം മടങ്ങുന്നതിനിടെയിൽ സീബ്ര ലൈൻ മുറിച്ചു കടക്കുന്നതിനിടെ മണർകാട് ഭാഗത്തുനിന്നും എത്തിയ കാർ സാലിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിനുശേഷം കാർ നിർത്താതെ പോയി. കൂടെ ഉണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.