ഏറ്റുമാനൂർ: ശരീരം തളർന്ന് വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന യുവതിയുടെ സ്വർണവും പണവും കൈക്കലാക്കി ഭർത്താവ് കടന്നുകളഞ്ഞതായി പരാതി. എവിടെയെന്നറിയാത്ത ഭർത്താവിന്റെ ഭീഷണിയുടെ നിഴലിൽ ജീവഭയത്തിലാണിവർ.
കിടപ്പിലായ അമ്മയും ബന്ധുവായ സ്ത്രീയുമടക്കം മൂന്ന് സ്ത്രീകൾ സഹായത്തിന് ആരുമില്ലാതെ ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്ക് കഴിയുന്നു. തെള്ളകത്ത് ഓൾഡ് എംസി റോഡിനോട് ചേർന്നുള്ള ഹരിത ഹൈറ്റ്സ് ഫ്ലാറ്റ് സമുച്ചയത്തിലാണ് ഇവർ കഴിയുന്നത്.
ഭർത്താവ് ആൻഡ്രി സ്പെൻസർ ഭാര്യ ഷിയയുടെ ആഭരണവും പണവുമായി ആറു മാസം മുമ്പാണ് കടന്നുകളഞ്ഞത്.നാഗർകോവിൽ സ്വദേശിയായ ആൻഡ്രി സ്പെൻസറും ഷിയയുമായുള്ള വിവാഹം 2015ൽ ആയിരുന്നു.
എരുമേലിയിൽ നാലു പതിറ്റാണ്ടിലേറെക്കാലം കൺസ്ട്രക്ഷൻ കമ്പനി നടത്തിയിരുന്ന പരേതനായ ദൈവസഹായത്തിന്റെ ഏകമകളാണ് ഷിയ.
ഷിയയ്ക്ക് 100 പവൻ സ്വർണാഭരണങ്ങളുണ്ടായിരുന്നു. ഇത് ആൻഡ്രി നേരത്തേ കൈക്കലാക്കി. ഫ്ലാറ്റ് വാങ്ങാനെന്നു പറഞ്ഞ് പിന്നീട് 35 ലക്ഷം രൂപകൂടി ഇയാൾ ചോദിച്ചുവാങ്ങി. അതിനുശേഷം ഇവർ കോട്ടയത്തേക്ക് താമസം മാറ്റി.
തെള്ളകത്ത് താമസമാക്കി കുറെക്കഴിഞ്ഞാണ് ഫ്ലാറ്റ് സ്വന്തമല്ലെന്ന് ഷിയ മനസിലാക്കുന്നത്. ഇതേച്ചൊല്ലി ആൻഡ്രിയും ഷിയയും തമ്മിലുള്ള കലഹം കൊലപാതകശ്രമത്തിൽവരെ എത്തിയെന്ന് ഇവർ പറയുന്നു. വായ്പയെടുത്ത് വാങ്ങിയ കാറുമായാണ് ആൻഡ്രി കടന്നുകളഞ്ഞത്.
തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഷിയയ്ക്ക് നോട്ടീസ് വന്നുകൊണ്ടിരിക്കുന്നു.ഫ്ലാറ്റിന്റെ ഉടമയെന്നു പറഞ്ഞ് ഒരാൾ വിളിച്ച് ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെടുന്നുണ്ട്.
എവിടേക്ക് പോകുമെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ നീറിക്കഴിയുകയാണിവർ. ആൻഡ്രിയുടെ ഭീഷണി നിലനിൽക്കുന്നതായും ഏതു നിമിഷവും അയാളുടെ ഉപദ്രവം ഉണ്ടാകാമെന്നും ഷിയ പറയുന്നു. പോലീസിൽ പരാതി നൽകി രണ്ടു മാസം പിന്നിട്ടിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്.