തൊടുപുഴ: കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെയുണ്ടായ വഴക്കിന്റെ പേരിൽ ആറര വയസുകാരനെ മർദിച്ച അയൽവാസിയായ വീട്ടമ്മയ്ക്കെതിരേ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു.
കുന്പംകല്ല് മലേപ്പറന്പ് കോളനിയിൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന ഫാത്തിമയ്ക്കെതിരെയാണ് (60) തൊടുപുഴ പോലീസ് കേസെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സമപ്രായക്കാരായ കുട്ടികൾ കളിക്കുന്നതിനിടെ പരസ്പരം വഴക്കുണ്ടാക്കുകയായിരുന്നു.
ഇതിൽ ഫാത്തിമയുടെ മകന്റെ കുട്ടിയെ തല്ലിയെന്ന് ആരോപിച്ച് ഇവർ ആറര വയസുകാരന്റെ കൈ പിന്നിലേക്ക് കെട്ടി കൈ കൊണ്ട് മർദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തെന്നാണ് പരാതി. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ ശിശുക്ഷേമസമിതിക്കും പോലീസിലും പരാതി നൽകി.
നാല് ദിവസം കഴിഞ്ഞിട്ടും കുട്ടിയെ മർദ്ദിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഇന്നലെ രാവിലെ ബന്ധുക്കളും സ്ത്രീകളടക്കമുള്ള നാട്ടുകാർ പ്രതിഷേധവുമായി തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.
എന്നാൽ സംഭവത്തിൽ മൂന്ന് ദിവസം മുന്പ് തന്നെ കേസെടുത്തിട്ടുണ്ടെന്ന് സി. ഐ സുധീർ മനോഹർ പറഞ്ഞു. അതേസമയം ഒരു വിഭാഗം തന്റെ വീട് ആക്രമിച്ചതായി ഫാത്തിമയും തൊടുപുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.