ചെങ്ങന്നൂര്‍: നഗരസഭ സെക്രട്ടറി തന്നോട് അപമര്യാദയായി പെരുമാറിയതായി ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് പോലീസിന് പരാതി നല്കി.
സെക്രട്ടറിയുടെ ചേംബറില്‍ വച്ച് തന്നെ കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് തന്റെ ചേംബറില്‍ എത്തി അവിടുണ്ടായിരുന്നു കൗണ്‍സിലര്‍മാരായ അശോക് പടിപ്പുരക്കല്‍, ഷിബുരാജന്‍, ജോസ് കെ. ജോർജ് എന്നിവരോടും തന്നോടുമായി നിന്നെയൊക്കെ താന്‍ കേസിൽ പെടുത്തുമെന്നും ചേംബറില്‍ കയറി ഭീഷണി വേണ്ട എന്ന് പറഞ്ഞ തന്നെ അശ്ലീല ചുവയോടുള്ള നോട്ടം നോക്കുകയും അശ്ലീലമായ അംഗവിക്ഷേപം കാണിക്കുകയും ചെയ്തുവെന്നുമാണ് പരാതി.
ഇതിനെ എതിർത്തു സംസാരിച്ച അശോക് പടിപ്പുരക്കലിനെ ടൗണിലേക്ക് വാ അവിടെ ഏറ്റുമുട്ടാമെന്ന് ആക്രോശിക്കുകയും ബഹളം കേട്ട് ഓടിക്കൂടിയ ഉദ്യോഗസ്ഥരെ ശകാരിക്കുകയും ചെയ്തതായി ഇവര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു .
കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ട കൗണ്‍സില്‍ യോഗം പ്രതിപക്ഷ കൗണ്‍സിലര്‍മാരെ കൂട്ടി സെക്രട്ടറി നടത്തിയിരുന്നു.
ഇതില്‍ തദ്ദേശ സ്വയംഭരണ വകുപ്പിനെതിരെ പരാതിപ്പെട്ടതാണ് തനിക്കെതിരെയുള്ള വിരോധത്തിനു കാരണമെന്നും ചെയര്‍പേഴ്സണ്‍ പറയുന്നു.
സംഭവത്തില്‍ ആലപ്പുഴ ജില്ലാ പോലീസ് സൂപ്രണ്ട്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി എന്നിവര്‍ക്കാണ് മറിയാമ്മ ജോണ്‍ ഫിലിപ്പ് പരാതി കൊടുത്തിരിക്കുന്നത്.
ഭീഷണിപ്പെടുത്തിയതായി സെക്രട്ടറിയുടെയും പരാതി
നഗരസഭ സെക്രട്ടറിയെ വാർഡ് കൗൺസിലർ അശോക് പടിപ്പുരയ്ക്കൽ ഭീഷണിപ്പെടുത്തിയതായും ഔദ്യോഗിക രേഖകളിൽ ചെയർപേഴ്സൺ തിരുത്തൽ വരുത്തിയതായും കാട്ടി സെക്രട്ടറി എസ്. നാരായണൻ ചെങ്ങന്നൂർ പോലീസിൽ പരാതിനൽകി.
ശാസ്താംപുറം മാർക്കറ്റിലെ കടമുറികളുമായി ബന്ധപ്പെട്ട രേഖകയിലാണ് ചെയർപേഴ്സൺ തിരുത്തൽ വരുത്തിയത്.
നഗരസഭയും വാടകക്കാരും തമ്മിലുള്ള തർക്കവിഷയത്തിൽ നിയമവിരുദ്ധമായി സഹായിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഔദ്യോഗിക രേഖ കൃത്രിമമായി തിരുത്തിയതെന്ന് പരാതിയിൽ പറയുന്നു.
ഈ സമയം അവിടെയെത്തിയ വാർഡ് കൗൺസിലർ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.
എന്നാൽ പെരുങ്കുളം പാടത്തുനിന്നും ആരംഭിക്കുന്ന വെട്ടുതോടിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയവുമായി പൊതുമരാമത്ത് കമ്മിറ്റിയിൽ നടന്ന തർക്കത്തിന്റെ വൈരാഗ്യമാണ് സെക്രട്ടറി തന്റെ പേരിൽ കേസുകൊടുക്കാൻ കാരണമെന്ന് വാർഡു കൗൺസിലർ അശോക് പടിപ്പുരയ്ക്കൽ പറഞ്ഞു.