ഗര്‍ഭിണിയാണെന്നറിയുന്നതു മുതല്‍ സാധാരണ സ്ത്രീകള്‍ വളരെ കരുതലോടെയാവും ജീവിക്കുക. താന്‍ ജന്മം നല്കാന് പോകുന്ന പൊന്നോമനയ്ക്ക് ഒരു ദോഷവും വരാതിരിക്കാന്‍ അവര്‍ എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്.
എന്നാല്‍ ക്ലെയര്‍ വൈസ്മാന് എന്ന യുവതിയുടെ കഥ നേരെ മറിച്ചാണ്. താന്‍ ഗര്‍ഭിണിയാണെന്നു പോലും അറിയാതെയാണ് ക്ലെയര്‍ പ്രസവിച്ചത്.
പ്രസവത്തിന് തൊട്ടു മുന്‍പ് മാത്രമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ക്ലെയര്‍ മനസ്സിലാക്കിയത്. പ്രസവത്തിന് മുന്‍പ് കടുത്ത വയറു വേദന അനുഭവപ്പെട്ടപ്പോള്‍ ആര്‍ത്തവത്തിന്റെ വേദനയാണെന്നാണ് ക്ലെയര്‍ കരുതിയത്.
എന്തായാലും ക്ലെയറിന്റെ പ്രസവം രാജ്യാന്തര മാധ്യമങ്ങളില്‍ വരെ വാര്‍ത്ത ആയി. രണ്ട് വര്‍ഷം മുമ്പായിരുന്നു ക്ലെയറിന്റെ സംഭവ ബഹുലമായ പ്രസവം.
പ്രസവത്തിന്റേതായ യാതൊരു ലക്ഷണവും ക്ലെയറിന്റെ ശരീരത്തിന് ഉണ്ടായില്ല. വയര്‍ വലുതായില്ല. എല്ലാ മാസവും കൃത്യമായ ആര്‍ത്തവം. ഗര്‍ഭകാല ക്ഷീണങ്ങളും ഉണ്ടായില്ല.
ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിച്ചിരുന്ന ക്ലെയര്‍ കാമുകന് ബെന്‍ ഹണിയുമായി ലൈംഗികബന്ധവും പുലര്‍ത്തിയിരുന്നു. ഇക്കാലഘട്ടത്തില്‍ ക്ലെയര്‍ എടുത്ത ഫോട്ടോകളിലും ഗര്‍ഭത്തിന്റെ യാതൊരു ലക്ഷണവും കണ്ടിരുന്നില്ല.
എന്നാല്‍ പെട്ടെന്നൊരു ദിവസം ക്ലെയറിന് കടുത്ത വയറുവേദന അനുഭവപ്പെട്ടു. 25-ാം ജന്മദിനം സുഹൃത്തുക്കളോടും കുടുംബത്തിനും ഒപ്പം ആഘോഷിച്ച് നാലാം പക്കമാണ് ക്ലെയറിന് വയറു വേദന തുടങ്ങിയത്.
മൂത്തമകള്‍ മില്ലിയെ അവളുടെ അച്ഛന്റെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു വരേണ്ടതിനാല്‍ പാരസെറ്റമോള്‍ കഴിച്ച് ക്ലെയര്‍ അവിടേക്ക് പോയി.
തിരികെയെത്തി മില്ലിയെ ഉറക്കിയപ്പോഴേക്കും വേദന കടുത്തതായി. ആര്‍ത്തവത്തിന്റെ വേദനയാണെന്നാണ് ക്ലെയര്‍ കരുതിയത്.
പക്ഷേ, വേദന അധികരിച്ചപ്പോള്‍ ക്ലെയറിന് ഭയമായി. ഉടനെ ഫോണെടുത്ത് അമ്മ ആന്‍ജി സൗതത്തിനെ വിളിച്ചു. അമ്മയെത്തി ആംബുലന്‍സ് വിളിച്ചു.
അമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് അടുക്കളയിലെ നിലത്ത് കുഷ്യനുകള്‍ക്ക് മുകളില്‍ ക്ലെയര്‍ കിടന്നു. ഇത് ഗര്ഭവേദനയാണെന്ന് തിരിച്ചറിഞ്ഞ ആന്‍ജി ക്ലെയറിനോട് ശക്തമായി പുഷ് ചെയ്യാന്‍ പറഞ്ഞു.
ഏതാനും മിനിറ്റുകള്‍ക്കകം 3.5 കിലോ ഭാരമുള്ള ഒരു ചോരക്കുഞ്ഞ് പുറത്ത് വന്നു. അപ്പോഴേക്കും പാരാമെഡിക്കല്‍ സ്റ്റാഫ് എത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.
ഫിന്‍ലേ എന്ന് പേരിട്ട കുട്ടിക്ക് ഇന്ന് വയസ്സ് രണ്ട്. അറിയാതെ വന്ന ഗര്‍ഭമായിട്ടും കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ക്രിപ്റ്റിക് പ്രഗ്നന്‍സി അഥവാ രഹസ്യ ഗര്‍ഭം എന്നാണ് ഇത്തരം പ്രസവങ്ങള്‍ക്ക് പേര്.
സാധാരണ ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ശാരീരിക അവശതകള്‍ ഒന്നും തന്നെ ക്രിപ്റ്റിക് പ്രഗ്നന്‍സിയ്ക്ക് ഉണ്ടാകാറില്ല. സാധാരണ ഗര്‍ഭധാരണം ഉറപ്പാക്കുന്നതിനുള്ള പരിശോധനകളിലും ഇത് ചിലപ്പോള്‍ വെളിപ്പെടാറില്ല.
ക്രിപ്റ്റിക് പ്രസവത്തില്‍ കുറഞ്ഞ തോതില്‍ മാത്രമേ ഗര്‍ഭകാലത്തെ ഹോര്‍മോണുകള്‍ ശരീരം ഉത്പാദിപ്പിക്കാറുള്ളൂ. 475 ഗര്‍ഭങ്ങളില്‍ ഒന്ന് ക്രിപ്റ്റിക് ഗര്ഭമാകാമെന്നും ഗര്‍ഭം സംബന്ധിച്ച് 20 ആഴ്ചയ്ക്ക് ശേഷമേ ഗര്‍ഭിണി അറിയൂ എന്നും ഇത് സംബന്ധിച്ച പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ചിലര്‍ പ്രസവത്തിന് തൊട്ടു മുന്‍പ് മാത്രമാകും ഇത് അറിയുക. ഇത്തരമൊരു അവസ്ഥയായിരുന്നു ക്ലെയറിനും.