സ്വന്തം ലേഖകൻ
കൊണ്ടോട്ടി: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങളും സ്ത്രീധനത്തിന്റെ പേരിലുളള മരണങ്ങളും ഭർതൃ പീഡന കേസുകളും വർധിക്കുന്നു. കഴിഞ്ഞ വർഷം ആകെ ആറ് ശൈശവ വിവാഹ കേസുകൾ രജിസ്റ്റർ ചെയ്ത സംസ്ഥാനത്ത് ഈ വർഷം മാർച്ച് മാസത്തോടെ തന്നെ ആറ് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്.
സ്ത്രീധനത്തിന്റെ പേരിൽ 2019-ൽ ആറ് മരണങ്ങളാണ് ആകെയുണ്ടായത്. ഇതും മൂന്ന് മാസത്തിനിടെ മൂന്ന് കേസുകളായി. 865 ഭർതൃപീഡന കേസുകളുമുണ്ടായി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുളള കേസുകളിലും മൂന്ന് മാസത്തിനിടെ വർധനവുണ്ടായതായി സംസ്ഥാന പോലീസ് ക്രൈം ഡിറ്റാച്ച്മെന്റിന്റെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു.
സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങളിൽ രണ്ടെണ്ണവും പാലക്കാട് ജില്ലയിലാണ്. മറ്റൊരു കേസ് തിരുവനന്തപുരത്താണ് രജിസ്റ്റർ ചെയ്തിരിക്കു ന്നത്.
ഭർത്താവിൽനിന്നും ഭർതൃ കുടുംബത്തിൽ നിന്നുമുള്ള പീഡനങ്ങളും കൂടുതൽ മലപ്പുറത്തും കോഴിക്കോട്ടുമാണ്. മലപ്പുറത്ത് 153 കേസുകളും, കോഴിക്കോട് 127 കേസുകളാണ് രജിസ്്റ്റർ ചെയ്തത്. 15 കേസുകളുണ്ടായ ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ.
കൊല്ലം -96, തിരുവനന്തപുരം- 87, തൃശൂർ -85, എറണാംകുളം -43, ആലപ്പുഴ- 30, പത്തനംതിട്ട -23, കോട്ടയം -21, പാലക്കാട് -61, വയനാട് -21, കണ്ണൂർ -79, കാസർഗോഡ് -25 എണ്ണം വീതം കേസുകളും രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ മാർച്ച് വരെയുളള മൂന്ന് മാസത്തിനിടെ കുട്ടികൾക്കെതിരെ 1217 കേസുകളും സ്ത്രീകൾക്കെതിരെ 3863 മറ്റു ആക്രമണ കേസുകളും സംസ്ഥാനത്തുണ്ടായി.
ഏഴ് കുട്ടികളാണ് മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത്. ബലാൽസംഗത്തിനിരയായത് 331 കുട്ടികളാണ്. 91 കുട്ടികളെ തട്ടിക്കൊണ്ടുപോയി.
503 ബലാൽസംഗ കേസുകൾ, 62 തട്ടിക്കൊണ്ടുപോകൽ കേസുകളും സ്ത്രീകൾക്കെതിരെയുണ്ടായി. നിയമം കർക്കശമാക്കിയതിന് പുറമെ മത-സാംസ്കാരിക സംഘടനകൾ ശൈശവ വിവാഹം, സ്ത്രീധനം, ദാന്പത്യ പ്രശ്നങ്ങൾ തുടങ്ങിയവയിൽ ബോധവത്കരണ ക്ലാസുകൾ നടത്തിയതും കേസുകൾ ഇല്ലായ്മ ചെയ്യാൻ കാരണമായിരുന്നു.
എന്നാൽ ഇത്തരം കേസുകൾ വീണ്ടും തലപൊക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.