തൊടുപുഴ: പ്രളയക്കെടുതികളെ തുടർന്ന് ദുരിതബാധിതമേഖലകളിൽ നിന്നും മാറി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞവർക്ക് 10000 രൂപ വീതം നൽകുമെന്ന സർക്കാർ പ്രഖ്യാപനം മുതലെടുത്ത് ഈ തുക തട്ടിയെടുക്കാൻ അനർഹർ നീക്കം നടത്തുന്നതായി പരാതി.
കാലവർഷക്കെടുതികളിൽപ്പെട്ട് സർവവും നഷ്ടമായി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞവരുടെ രക്ഷകരായി സ്വയം ചമയുകയും ക്യാന്പുകളിൽ പേരു ചേർത്തതിനു ശേഷം പിന്നീട് വീടുകളിൽ താമസിക്കുകയും ചെയ്ത ചിലർ സർക്കാർ നൽകുന്ന നഷ്ടപരിഹാര തുക കൈക്കലാക്കാനാണ് രംഗത്തെത്തിയിരിക്കുന്നത്.
കനത്ത മഴയും ഡാമുകൾ തുറന്നതിനെതുടർന്നും ഉണ്ടായ പ്രളയക്കെടുതികൾ നേരിട്ട കുടുംബങ്ങളായിരുന്നു ആദ്യഘട്ടത്തിൽ ക്യാന്പുകളിൽ ഉണ്ടായിരുന്നത്. എന്നാൽ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് സർക്കാർ സാന്പത്തിക സഹായവും ഇവർക്ക് കൂടുതൽ സഹായങ്ങളും എത്തിത്തുടങ്ങിയതോടെ ചില രാഷ്ട്രീയക്കാരുടെ പിൻബലത്തോടെ പലരും ദുരിതബാധിതരുടെ വേഷം കെട്ടി എത്തുകയായിരുന്നു.
ഇടുക്കി ജില്ലയിൽ കനത്ത മഴയെതുടർന്ന് ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്ന കഴിഞ്ഞ ഒൻപതിനാണ് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നത്. ആറു ദുരിതാശ്വാസ ക്യാന്പുകളിലായി 79 പേരാണ് താമസിക്കാനെത്തിയത്. പിറ്റേന്ന് ക്യാന്പുകളിൽ കഴിയുന്നവരുടെ എണ്ണം 831 ആയി ഉയർന്നു. അടുത്ത ദിവസം 1267 ആയും അടുത്ത ദിവസം 1622 ആയും ഉയർന്നു. 17നു ക്യാന്പിലെത്തിയവരുടെ എണ്ണം 22302 ആയി വർധിച്ചു. 19ന് 33636-ഉം 20ന് 33835-ഉം ആയി. 20-ന് 30561 ആയി കുറഞ്ഞു. പിന്നീട് ക്യാന്പുകളിൽകഴിയുന്നവരുടെ എണ്ണം പടിപടിയായി കുറഞ്ഞു.
ദുരിതാശ്വാസ ക്യാന്പുകളിൽ മേൽനോട്ടം വഹിക്കാനെത്തിയ ചില രാഷ്ട്രീയ നേതാക്കളുടെ പിണിയാളുകളും ക്യാന്പുകളിൽ രജിസ്റ്റർ ചെയ്തു. ഇവർക്കും നഷ്ടപരിഹാര തുകയ്ക്ക് അർഹതയുണ്ടെന്നാണ് അവകാശ വാദം.
ആദ്യഘട്ടത്തിൽ ക്യാന്പുകളുടെ പ്രവർത്തനം കൃത്യമായും ഭംഗിയായുമാണ് നടന്നിരുന്നത്. എന്നാൽ പിന്നീട് പല രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി ക്യാന്പ് പ്രവർത്തനം കൈയടക്കുകയായിരുന്നു. ക്യാന്പുകളിലെ പ്രവർത്തനങ്ങളും ദുരിതാശ്വാസ സാമഗ്രികളുടെ വിതരണവും ഇവരുടെ മേൽനോട്ടത്തിലായി. ഇതോടെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് എത്തിയ സാധനങ്ങളിൽ നല്ലൊരു പങ്ക് അനർഹർ കൈക്കലാക്കി. ലോറേഞ്ചിലെ ഒരു പഞ്ചായത്തിൽ ഉരുൾപൊട്ടലിൽ ഗൃഹനാഥൻ മരിച്ച ഒരു വീട്ടുകാർ മാത്രമാണ് ദുരിതത്തിനിരയായത്.
ഇവർക്കായി ക്യാന്പ് തുറന്നെങ്കിലും പിന്നീട് ചില നേതാക്കൾ ഇടപെട്ട് കൂടുതൽ പേരെ ഇവിടേക്ക് എത്തിക്കുകയായിരുന്നു. എത്തിയവരിൽ പലരും ക്യാന്പുകളിൽ കഴിയാൻ അർഹതയില്ലാത്തവരമായിരുന്നു. എന്നാൽ ഇവരിൽ നല്ലൊരു ശതമാനം പേർ ക്യാന്പിലേക്കെത്തിയ സാധനങ്ങളുമായി സ്ഥലം വിടുകയും ചെയ്തു.
ഇത്തരത്തിൽ വ്യാപകമായി ധനസഹായം തട്ടിയെടുക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് അർഹരെ കണ്ടെത്താൻ ദുരിതബാധിതരെ ബുദ്ധിമുട്ടിലാക്കാതെ തന്നെ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് റവന്യു വകുപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 6800 രൂപയും ദുരന്തനിവാരണ ഫണ്ടിൽ നിന്നും 3200 രൂപയും ചേർത്താണ് 10000 രൂപ നൽകുന്നത്. വെള്ളപ്പൊക്കത്തെയോ ഉരുൾപൊട്ടലിനെ തുടർന്ന് രണ്ടു ദിവസം വീടുകളിൽ നിന്നും മാറിതാമസിക്കേണ്ടി വരുന്നവർക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം അനുവദിക്കുന്നത്.
എന്നാൽ ഭയചകിതരായി വീടുകളിൽ നിന്നും മാറിതാമസിക്കേണ്ടി വന്നവർക്ക് തുക നൽകാൻ സർക്കാർ ഉത്തരവില്ലെന്ന് റവന്യു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ബാങ്ക് പാസ് ബുക്കും ആധാർ കാർഡും ഹാജരാക്കിയാൽ തുക ലഭിക്കും. രേഖകൾ നഷ്ടപ്പെട്ടവർക്ക് ഇതു ലഭിക്കുന്ന മുറയ്ക്ക് ധനസഹായം ലഭ്യമാക്കും. ജില്ലയിൽ എല്ലാ താലൂക്കുകളിലും ആദ്യഘട്ട വിതരണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറുന്നത്.