ചിങ്ങവനം: യുവാക്കളെ അന്യായമായി മർദ്ദിച്ച ചിങ്ങവനം പോലീസ് സ്റ്റേഷനിലെ എഎസ്ഐയ്ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിഎസ്ഡിഎസിന്റെ നേതൃത്വത്തിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് രാവിലെ മാർച്ച് നടത്തി. ഇത്തിത്താനം പുത്തൻ കോളനി കറുകപ്പറന്പിൽ നിഖിൽ(25), കുറിച്ചി, എസ്പുരം കോളനിയിൽ അഖിലേഷ്(20) എന്നിവരെയാണ് കഴിഞ്ഞ ശനിയാഴ്ച കുറിച്ചി കാലായിപടിക്കു സമീപത്തുനിന്നു കസ്റ്റഡിയിൽ എടുത്തത്.
നിഖിലിന്റെ വീടിന്റെ അറ്റകുറ്റപ്പണി നടത്തിയ ഇരുവരും ഇരുചക്ര വാഹനത്തിൽ കാലായിപ്പടിയിലുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ രാത്രി 10നു പോകുന്പോൾ ചിങ്ങവനം സ്റ്റേഷനിലെ എഎസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് മർദ്ദിച്ചുവെന്നാണ് പരാതി. കാലായിപ്പടി വില്ലേജ് ഓഫീസിന് സമീപമുള്ള വളവിൽവച്ച് പോലീസ് ഇവരുടെ മുഖത്തേക്ക് ലൈറ്റ് അടിച്ചു വാഹനം തടഞ്ഞു.
നിയന്ത്രണം വിട്ട വാഹനം മറിഞ്ഞു വീണതിനെ തുടർന്ന് ഇവരെ പോലീസുകാർ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ യുവാക്കൾ ഇപ്പോൾ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ മർദ്ദിച്ച എഎസ്ഐയ്ക്കെതിരെയും, മർദനത്തിനു കൂട്ടുനിന്ന മൂന്നു പോലീസുകാർക്കെതിരെയും നടപടി ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. കുറിച്ചി മന്ദിരം കവലയിൽനിന്ന് ആരംഭിച്ച മാർച്ചിൽ സിഎസ്ഡിഎസ് നേതാക്കളും, വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു.