ആലപ്പുഴ: അടിസ്ഥാനവർഗങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള ആസൂത്രണം ഇന്ത്യയിലുണ്ടായിട്ടില്ലെന്ന് മന്ത്രി ജി.സുധാകരൻ. നല്ലവീടുള്ളവർ, ഒരേക്കർ ഭൂമിയുള്ളവർ, എന്തിന് ഒരു മുറുക്കാൻ കടപോലും സ്വന്തമായുള്ളവർ അടിസ്ഥാന വർഗത്തിന്റെ കൂട്ടത്തിലില്ല. ദളിത് വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ഇന്നും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) സംസ്ഥാന കുടുംബസംഗമത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പുഴ കടപ്പുറത്ത് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു ജോലിയും ചെയ്യാത്തവർ ഇന്ത്യ ഭരിക്കുന്പോൾ കൃഷിയിടത്തിൽ പണിയെടുക്കുന്ന അടിസ്ഥാനവർഗം പശുവിന്റെ പേരിൽ കൊല്ലപ്പെടുകയാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ കേരളവുമായി താരതമ്യപ്പെടുത്താനാവില്ല. കേരളത്തിൽ അടിസ്ഥാനവർഗം മുന്നേറിയിട്ടുണ്ട്. എന്നാൽ, ഇന്ത്യ മുഴുവനും അങ്ങനെയാണെന്ന് പറയാനാവില്ല. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 22 ശതമാനം ദളിത് വിഭാഗക്കാരാണ്.
ചാതുർവണ്യത്തിന്റെ ചാട്ടവാർകൊണ്ടുള്ള അടിയിൽ രക്തം ചെരിഞ്ഞവരുടെ പിൻതലമുറക്കാർ അവകാശങ്ങൾക്കും നീതിക്കുംവേണ്ടി ഏകോപിതമായി ജനാധിപത്യപരമായ രീതിയിൽ പോരാടണം. വിദ്യാഭ്യാസമുന്നേറ്റത്തിനുള്ള പ്രവർത്തനം തുടരണം. ദളിത്ക്രിസ്ത്യൻ സമൂഹത്തിൽപെടാതെ കഷ്ടപെടുന്ന പരിവർത്തിത ക്രിസ്ത്യാനികളെ അടിസ്ഥാനവർഗമായി കാണണമെന്നും സുധാകരൻ പറഞ്ഞു.
അംബേദ്കർ എഴുതിയ ഭരണഘടനപോലും മാറ്റാൻ ശ്രമിക്കുന്നവരാണ് രാജ്യം ഭരിക്കുന്നതെന്നും ഭരണഘടന പിച്ചിച്ചീന്താൻ അനുവദിക്കില്ലെന്നും മുഖ്യസന്ദേശത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.
കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, സിഎസ്ഡിഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. തങ്കപ്പൻ, ആർ.എൽ.വി. രാമകൃഷ്ണൻ, പി. രാമഭദ്രൻ, ബിഷപ്പ് ഡോ. തോമസ് മാവുങ്കൽ, ധന്യാരാമൻ, പി.ജി. അജിത, ഷാജി മാത്യു തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി നഗരം ചുറ്റി സംഗമറാലി നടന്നു.