കൊണ്ടോട്ടി:ഇന്ത്യൻ വ്യോമയാന പാത കൊട്ടിയടിച്ചതോടെ ആളനക്കമില്ലാതായ വിമാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും കോവിഡ് 19 കാലത്തും കാവലാളൻമാരായി കേന്ദ്ര വ്യവസായ സുരക്ഷ സേന (സിഐഎസ്എഫ്).
സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ 61 വിമാനത്താവളങ്ങളിലാണ് കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ 30,0000 ലേറെ ഭടൻമാർ കാവലിരിക്കുന്നത്.
സംസ്ഥാനത്ത് കൊച്ചിയിൽ 800, തിരുവനന്തപുരത്ത് 600, കരിപ്പൂരിൽ 320, കണ്ണൂരിൽ 300 പേരുമാണ് കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലുളളത്. ഇവരിൽ ഭൂരിഭാഗം പേരും ഉത്തരേന്ത്യക്കാരാണ്.
സംസ്ഥാന പോലീസ് നിയന്ത്രണത്തിലുണ്ടായിരുന്ന രാജ്യത്തെ വിമാനത്താവളങ്ങളുടെ നിയന്ത്രണം കേന്ദ്ര സുരക്ഷ സേനക്ക് പരിപൂർണമായും നൽകി തുടങ്ങിയത് പത്തു വർഷം മുന്പാണ്. ഇതോടെ വിമാനത്താവളത്തിന് പുറത്തുളള സുരക്ഷ മാത്രമായി സംസ്ഥാന പോലീസിനുളളത്.
കോവിഡ് 19 മൂലം വിമാനത്താവളങ്ങൾ അടച്ചതോടെ വിമാനത്താവളത്തളം പൂർണമായി ആളനക്കമില്ലാതായ അവസ്ഥയാണ്. എന്നാൽ കോടികൾ വിലപിടിപ്പുളള ഉപകരണങ്ങൾക്കും പാർക്ക് ചെയ്ത വിമാനങ്ങൾക്കുമാണ് കേന്ദ്ര സുരക്ഷ സേനയുടെ കാവലിരിപ്പ്.
ഒരു ദിവസം എട്ടു മണിക്കൂർ വീതം മൂന്നു ഷിഫ്റ്റുകളായി ജോലി ചെയ്യുന്ന വിമാനത്താവളത്തിൽ ഇപ്പോഴും സേനയുടെ പ്രവർത്തനങ്ങൾക്കു മാത്രം മുടക്കമില്ല. വിമാനങ്ങളില്ലാതായതോടെ പ്രവേശന കവാടങ്ങളിൽ യാത്രക്കാരുടെ രേഖകളും ബാഗേജുകളും പരിശോധിക്കുന്ന ജോലികൾ മാത്രമാണ് സിഐഎസ്എഫിന് കുറഞ്ഞത്.
എന്നാൽ സുരക്ഷാ പോയിന്റുകളിലടക്കം ആയുധങ്ങളുമായി കാവലിരിക്കുന്നതിന് വീഴ്ചയില്ല. കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ ജോലിക്ക് അതത് വിമാനത്താവളങ്ങളുടെ വരുമാനം കൊണ്ടാണ് വേതനം നൽകുന്നത്.
കോവിഡ് മൂലം സ്കൂളുകൾ അടച്ചതോടെ കുടുംബവുമായി നാട്ടിലേക്ക് അവധിക്ക് പോകാൻ കഴിയാത്തതിന്റെ ദു:ഖം സുരക്ഷാ സേനയ്ക്കുണ്ട്.