പ്രളയദുരിതത്തിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങുമായി ചലച്ചിത്ര താരങ്ങൾ എത്തി. സുഹാസിനി, ഖുശ്ബു, ലിസി എന്നിവർ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് 40 ലക്ഷം രൂപ കൈമാറി. താരങ്ങൾക്കും സംവിധായകർക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും കേരളത്തിന് സഹായം നൽകുന്നതിന് കൈകോർത്തു.
സംവിധായകൻ മണിരത്നം, നടൻ ജാക്കി ഷെറോഫ്, സുന്ദർ, മരിയസേന, രാജ്കുമാർ സേതുപതി, പൂർണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്നി സിനിമാക്സ്, കാസിനോ മജോംഗ് ഫൗണ്ടേഷൻ, മാൾട്ട ഹോണററി കൗണ്‍സൽ ശാന്തകുമാർ, മൗറീഷ്യസ് ഹോണററി കൗണ്‍സൽ രവിരാമൻ എന്നിവരെല്ലാം സഹായധന സമാഹരണത്തിൽ പങ്കാളികളായി.
എണ്‍പതുകളിൽ സിനിമാ മേഖലയിൽ ഒപ്പമുണ്ടായിരുന്നവർക്കു പുറമെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം വിഹിതം കേരളത്തിനായി സ്വരൂപിക്കുകയായിരുന്നുവെന്ന് സംഭാവന കൈമാറിയശേഷം താരങ്ങൾ പറഞ്ഞു.