ചെന്നൈ: തലമാറി സൂപ്പർ കിംഗ്സ് ഇന്നു മുതൽ ഐപിഎൽ ട്വന്റി-20 കളത്തിൽ. 2024 സീസണ് ഐപിഎൽ പോരാട്ടത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ ചെന്നൈ സൂപ്പർ കിംഗ്സ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു.
2008 മുതൽ ഇക്കാലമത്രയും സിഎസ്കെയുടെ വികാരമായ, തല എന്ന് ആരാധകർ വാഴ്ത്തുന്ന എം.എസ്. ധോണി ക്യാപ്റ്റൻസിയിൽനിന്ന് സ്വയം പിന്മാറിയതോടെയാണിത്. ധോണിയുടെ രാജകീയ സിംഹാസനത്തിലേക്കെത്തി ടീമിനെ ഇനിമുതൽ നയിക്കുക യുവബാറ്റർ ഋതുരാജ് ഗെയ്ക്വാദാണ്, സിഎസ്കെയുടെ യുവരാജ…
ഐപിഎല്ലിന്റെ 17-ാം സീസണ് ഉദ്ഘാടന മത്സരത്തിൽ ഗെയ്ക്വാദിന്റെ നേതൃത്വത്തിൽ ചെന്നൈ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. സിഎസ്കെയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.
2022ലും ധോണി മാറിനിന്നു
ഇതാദ്യമായാല്ല സിഎസ്കെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ധോണി സ്വയം മാറിനിൽക്കുന്നത്. 2022 ഐപിഎൽ സീസണിനു മുന്പും ചെന്നൈ ക്യാപ്റ്റൻസിയിൽ മാറ്റംവരുത്തിയിരുന്നു. ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിവായ പശ്ചാത്തലത്തിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കി.
എന്നാൽ, 2022 സീസണിന്റെ ആദ്യ എട്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ജഡേജ ക്യാപ്റ്റൻസ്ഥാനം രാജിവച്ചു. അതോടെ ടീമിന്റെ നായക സ്ഥാനം വീണ്ടും ധോണിക്ക് ഏറ്റെടുക്കേണ്ടിവന്നു.
2022 സീസണിലെ ആദ്യ എട്ട് മത്സരങ്ങളിൽ ആറും തോറ്റതോടെയാണ് ജഡേജ ക്യാപ്റ്റൻസി ഒഴിഞ്ഞത്. ജഡേജയുടെ നേതൃത്വത്തിൽ രണ്ട് ജയം ജയം മാത്രമേ സിഎസ്കെ നേടിയുള്ളൂ. 2022 സീസണിൽ 14 മത്സരങ്ങളിൽ നാല് ജയവുമായി എട്ട് പോയിന്റോടെ ഒന്പതാം സ്ഥാനത്തായിരുന്നു സിഎസ്കെ.
ക്യാപ്റ്റൻ ധോണി
2022ൽ ഒന്പതാം സ്ഥാനത്തായിരുന്ന സിഎസ്കെയ്ക്ക് പിന്നിൽ മുംബൈ ഇന്ത്യൻസ് മാത്രമായിരുന്നു. എന്നാൽ, 2023ൽ ധോണിയുടെ കീഴിൽ അഞ്ചാം ഐപിഎൽ കിരീടത്തിൽ ചെന്നൈ എത്തി. ഐപിഎൽ ചരിത്രത്തിൽ 235 മത്സരങ്ങളിൽ ധോണി ക്യാപ്റ്റനായി.
ചെന്നൈ സൂപ്പർ കിംഗ്സ്, പൂന വാരിയേഴ്സ് എന്നീ ടീമുകളുടെ ക്യാപ്റ്റനായാണിത്. സിഎസ്കെയെ 212 മത്സരങ്ങളിൽ നയിച്ച ധോണി 128 ജയം നേടി. 82 എണ്ണത്തിൽ പരാജയപ്പെട്ടപ്പോൾ രണ്ട് എണ്ണം ഫലമില്ലാതെ അവസാനിച്ചു. അഞ്ച് ഐപിഎൽ കിരീടത്തിലും ചെന്നൈയെ എത്തിച്ചു.
നായകൻ ഋതുരാജ്
ഋതുരാജ് സിംഗ് ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത് ആദ്യമായാണെങ്കിലും ഇന്ത്യൻ ദേശീയ ടീമിനെ ഏഷ്യൻ ഗെയിംസ് ട്വന്റി-20 ക്രിക്കറ്റ് സ്വർണത്തിൽ എത്തിച്ചിട്ടുണ്ട്. സീനിയർ താരങ്ങളുടെ അഭാവത്തിൽ ഇന്ത്യ പങ്കെടുത്ത 2022 ഏഷ്യൻ ഗെയിംസിൽ ഋതുരാജായിരുന്നു ക്യാപ്റ്റൻ. എം.എസ്. ധോണിക്കുശേഷം (2007 ലോകകപ്പ്) ഒരു ട്വന്റി-20 ടൂർണമെന്റിലെ ആദ്യ അവസരത്തിൽത്തന്നെ ഇന്ത്യയെ കിരീടത്തിലെത്തിക്കുന്ന ക്യാപ്റ്റനായി ഋതുരാജ്.
2023 ജൂലൈയിൽ അയർലൻഡിന് എതിരായ ട്വന്റി-20 പരന്പരയിൽ ഇന്ത്യൻ ടീമിന്റെ ഉപനായകനായിരുന്നു. ജസ്പ്രീത് ബുംറയായിരുന്നു ടീമിനെ നയിച്ചത്. 2023 നവംബറിൽ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരന്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഋതുരാജായിരുന്നു വൈസ് ക്യാപ്റ്റൻ. ചുരുക്കത്തിൽ ക്യാപ്റ്റൻ സ്ഥാനത്തിന്റെ ചൂടും സമ്മർദവും ഇതിനോടകം അനുഭവിച്ച താരമാണ് ഈ ഇരുപത്തേഴുകാരൻ.