ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രാത്രി സമയങ്ങളിൽ സിടി സ്കാനിംഗ് റിപ്പോർട്ട് ലഭിക്കുന്നതിന് നടപടിയായി. രാത്രി സമയങ്ങളിൽ സ്കാനിംഗ് കഴിഞ്ഞാൽ റിപ്പോർട്ട് ലഭിക്കാതെ വന്നതിനെ തുടർന്ന് നിരവധി രോഗികൾക്ക് തുടർചികിത്സയ്ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരിന്നു. അപകടങ്ങളിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് വന്നിരുന്ന രോഗികളെയാണ് കൂടുതലായി ഇതു ബാധിച്ചിരുന്നത്.
വൈകുന്നേരം ഒരു രോഗിക്ക് സിടി സ്കാൻ ചെയ്ത് കഴിഞ്ഞാൽ റിപ്പോർട്ട് ലഭിക്കാൻ അടുത്ത ദിവസം രാവിലെ ഒന്പതു വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു. ഇത് രോഗികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയായിരുന്നതിനാൽ പലരും സ്വകാര്യ സ്കാനിംഗ് സെന്ററുകളിലേക്ക് പോകുകയായിരുന്നു പതിവ്. ഇത് നിർദ്ധനരായ പല രോഗികൾക്കും കഴിയാതെ വരികയും തുടർ ചികിത്സയ്ക്കു തടസം നേരിടുകയും ചെയ്തിരുന്നു.
ഈ വിവരം മാസങ്ങൾക്ക് മുന്പു രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.തുടർന്ന് രാത്രി സമയങ്ങളിൽ സ്കാനിംഗിനുശേഷം റിപ്പോർട്ട് നൽകുന്നതിനാവശ്യമായ ഡോക്ടറെ നിയമിക്കുകയായിരുന്നു. ഡോക്ടറുടെ നിയമനം വഴി അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് സ്കാനിംഗ് ആവശ്യമായി വന്നാൽ സ്കാനിംഗിനുശേഷം റിപ്പോർട്ട് നൽകാൻ കഴിയും. അതിനാൽ ഇനി മുതൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരില്ലായെന്നുള്ള ആശ്വാസത്തിലാണ് രോഗികൾ.