കുറ്റിപ്പുറം: മദ്യശാലകൾ പലതും പൂട്ടിയതോടെ ജില്ലയിൽ വ്യാജ മദ്യവിൽപനയും സജീവമായി. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ വീടുകൾ കേന്ദ്രീകരിച്ചും ഒഴിഞ്ഞ കെട്ടിടങ്ങൾക്ക് മറവിലുമായി വ്യാജവാറ്റ് സംഘങ്ങളും വിപണി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ ഏറ്റവും തിരക്കേറിയ എടപ്പാളിലെയും പൊന്നാനിയിലെയും മദ്യശാലകൾ പൂട്ടിയതോടെയാണ് മദ്യ സേവകർ നെട്ടോട്ടം തുടങ്ങിയത്.
സ്ഥിരമായി മദ്യപിക്കുന്നവർക്ക് മദ്യം ലഭിക്കാതെ വന്നതോടെ വലിയ വിലക്ക് വ്യാജമദ്യ വിൽപന നടത്തുന്ന സംഘങ്ങൾക്ക് ഇപ്പോൾ കൊയ്ത്ത് കാലമാണ്. ഈ അവസരം മുതലെടുത്താണ് മദ്യവിപണി കീഴടക്കാൻ ഒരു ഇടവേളക്ക് ശേഷം വ്യാജവാറ്റ് സംഘങ്ങൾ തയാറെടുക്കുന്നത്.ഇതിനിടെ വ്യാജ മദ്യവിൽപനയും വ്യാജവാറ്റും തടയുന്നതിനുള്ള പോലീസ്, എക്സൈസ് നിരീക്ഷണങ്ങൾ കർശനമാക്കിയിട്ടുണ്ട്, വ്യാജവാറ്റിനായി വലിയ കുക്കർ വില കൊടുത്ത് വാങ്ങുന്നവരുടെ വിവരങ്ങൾ പോലീസിന് കൈമാറാൻ കച്ചവടക്കാർക്ക് പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
വിഷു അടുത്തതോടെ ജില്ലയിൽ വ്യാജൻ ഒഴുകുമെന്നാണ് സൂചന ,വിഷുവിന് ഏതാനും ദിവസം മാത്രം അവശേഷിക്കേ എക്സൈസ് അധികൃതരും വ്യാജമദ്യ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളും താമസ സ്ഥലത്ത് മദ്യം നിർമിച്ച് വിൽപന നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. വ്യക്തമായ അറിവില്ലാത്തതിനാൽ പോലീസിനെ ഇത്തരം സംഘങ്ങളെ പിടികൂടാൻ കഴിയാറില്ല.
ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മദ്യം നിർമിക്കുകയും വിൽപ്പന നടത്തുകയും വിപണി കണ്ടെത്തുകയും ചെയ്യുന്ന സംഘങ്ങളും ജില്ല സജീവമായിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ വ്യാജൻ വിൽക്കുന്നവർ വലിയ തോതിൽ വില കയറ്റിയാണ് മദ്യ സേവകർക്ക് വ്യാജൻ എത്തിക്കുന്നത്. പോലീസും എക്സൈസും വ്യാജ മദ്യ വിൽപനയും വ്യാജവാറ്റും നിയന്ത്രിക്കാനുള്ള തന്ത്രങ്ങൾ മെനയുന്പോൾ പിടിക്കപ്പെടാതെ തന്നെ അവസരത്തിനൊത്ത് ഉൽപാദനം നടത്താനും വിപണി കണ്ടെത്താനും പുതിയ തന്ത്രങ്ങൾ മെനയുകയാണ് മദ്യലോബികൾ.