പയ്യന്നൂര്‍: അരനൂറ്റാണ്ടിലേറെയായി പയ്യന്നൂരിന്റെ രാഷ്ട്രീയരംഗത്ത് നിറഞ്ഞുനില്ക്കുന്ന കെആര്‍ എന്ന കെ.രാഘവന് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ അവിഭാജ്യഘടകമാണ് സൈക്കിള്‍.
യോഗങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും സൈക്കിളിലാണ് യാത്ര. ബീഡിതൊഴിലാളിയായിരുന്ന കാലത്തെ ആദ്യ സമ്പാദ്യമായിരുന്നു സൈക്കിള്‍. പിന്നീട്, സൈക്കിളില്ലാതെ ഇദ്ദേഹത്തെ ആര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടില്ല.
ആറു തവണ സൈക്കിള്‍ മോഷ്ടിക്കപ്പെട്ടു. ആത്മാവിന്റെ ഭാഗം നഷ്ടമായതിന്റെ ദുഖം രാഷ്ട്രദീപിക വാര്‍ത്തകളാക്കിയിരുന്നു. ഇതേതുടര്‍ന്ന് നാലുതവണയും സൈക്കിള്‍ താങ്കളുടേതാണെന്ന് അറിഞ്ഞില്ലെന്ന ക്ഷമാപണ കത്തോടെ തിരികെ ലഭിച്ചു.
അതിരാവിലെ തുടങ്ങുന്ന വയലിലെ ജോലിക്ക് ശേഷം പാര്‍ട്ടി ഓഫീസിലേക്ക് തുടങ്ങുന്ന യാത്രയില്‍ സൈക്കിള്‍ നിര്‍ത്തി കാണുന്നവരോടെല്ലാം ലോഹ്യം പറയാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു.
ജനങ്ങളുമായുള്ള നല്ല ബന്ധത്തിന് സൈക്കിള്‍ തന്നെയാണ് നല്ല വാഹനമെന്ന് കെ.ആറിന്റെ അഭിപ്രായം. എഴുപത്തിനാലുകാരനായ കെആറിന്റെ ആരോഗ്യരഹസ്യത്തിന്റെ പ്രധാനഘടകവും സൈക്കിള്‍ സവാരി തന്നെ.
അന്റാര്‍ട്ടിക്കയിലെ ജീവന്റെ അദ്ഭുതങ്ങളും ജനിതക വൈവിധ്യങ്ങളും പഠനവിധേയമാക്കി ശ്രദ്ധേയനായ പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഫെലിക്സ് ബാസ്റ്റിനും സൈക്കിള്‍ പ്രിയമുള്ളതാണ്.
അന്റാര്‍ട്ടിക്കയിലെ ലാര്‍സ്മാന്‍ എന്ന സ്ഥലം അടിസ്ഥാനമാക്കി ജൈവവൈവിധ്യഭൂപടം തയാറാക്കിയ ആദ്യ ശാസ്ത്രജ്ഞനായ ഡോ.ഫെലിക്സ് ബാസ്റ്റ് പയ്യന്നൂര്‍ കോറോം സ്വദേശിയാണ്.
ഭരണഘടനയനുസരിച്ചുള്ള മൗലിക കടമകള്‍ നിര്‍വഹിക്കണമെങ്കില്‍ ജാതിമത സ്നേഹത്തെക്കാൾ അധികമായി വേണ്ടത് രാജ് സ്നേഹവും മനുഷ്യസ്നേഹവും അതിലുപരി പ്രകൃതി സ്നേഹവുമാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഈ ആശയത്തിന്റെ ഭാഗമായാണ് സൈക്കിള്‍ ഇദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കുടിയേറിയത്.
പത്താംക്ലാസ് പഠനം കഴിഞ്ഞവര്‍ ബൈക്കുകളിലേക്ക് മാറുന്നതും ഒറ്റയാള്‍ ഓടിക്കുന്ന കാറുകള്‍ക്ക് പ്രിയമേറുന്നതും ഭീതിയോടെയേ കാണാനാവു എന്ന് അദ്ദേഹം പറയുന്നു.
കോളജുകളിലെ പാര്‍ക്കിംഗ് ഏരിയകളില്‍ ഒരു സൈക്കിള്‍പോലും കാണാനില്ലെന്ന് യൂണിവേഴ്സിറ്റിയിലേക്കുള്ള യാത്ര സൈക്കിളിലാക്കിയ അദ്ദേഹം പറയുന്നു.
അവധിക്ക് വീട്ടിലെത്തിയാലും ഈ ശാസ്ത്രജ്ഞന്റെ യാത്ര സൈക്കിളില്‍തന്നെ. സൈക്കിളിംഗിന് പ്രാധാന്യം കൊടുത്താലുള്ള ഗുണഗണങ്ങളും ഇദ്ദേഹം വിശദീകരിക്കുന്നു:
സ്ഥിരമായി സൈക്കിള്‍ സവാരി നടത്തുന്നവരില്‍ ഹൃദയസംബന്ധമായ രോഗങ്ങളുണ്ടാവില്ല. പണലാഭം മാത്രമല്ല, ഇന്ധനലാഭവും പരിസ്ഥിതി സംരക്ഷണവുമാണ് ഇതിലൂടെ നാടിനെ സ്നേഹിക്കുന്നവര്‍ക്ക് നല്‍കാനാവുക.