സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന്‍ റിയാസ് ഖാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.
ചെന്നൈയിലെ വീടിനു മുമ്പിലൂടെ കൂട്ടംചേര്‍ന്ന് പോയവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് മര്‍ദനമേറ്റത്.
വീടിനുമുന്നില്‍വച്ച് പന്ത്രണ്ടംഗസംഘമാണ് റിയാസിനെ ആക്രമിച്ചത്. മൂന്ന് പേരെ ആളന്തൂര്‍ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
കൂട്ടംകൂടി പുറത്തിറങ്ങിയവരെ താന്‍ പിന്‍ തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു റിയാസ് ഖാന്‍ പറഞ്ഞത്.
സാമൂഹിക അകലം പാലിക്കണമെന്നും നിരോധനാജ്ഞ ഉള്ളതിനാല്‍ കൂട്ടം കൂടി പോകുന്നത് ശരിയല്ലെന്നും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മര്‍ദ്ദനമെന്ന് റിയാസ് ഖാന്‍ പറഞ്ഞു.
”ഞാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഞാന്‍ പറയുന്നതൊന്നും അവര്‍ മനസിലാക്കിയില്ല.
എന്നോട് തര്‍ക്കിക്കാന്‍ മാത്രമായി അവര്‍ സംസാരിക്കുകയായിരുന്നു. പിന്നീട് എന്റെ മുന്നിലേക്ക് അവര്‍ നടന്നുവന്നു. മുന്നിലേക്ക് വരരുതെന്ന് അവരോട് ഞാന്‍ പറഞ്ഞു.
അവര്‍ മുന്നിലേക്ക് വരുന്നതുകണ്ട് ഞാന്‍ പിന്നിലേക്ക് നീങ്ങി. അവര്‍ തര്‍ക്കിക്കാന്‍ നില്‍ക്കുകയായിരുന്നു.
തങ്ങള്‍ക്ക് കൊറോണ വൈറസ് രോഗം വരില്ലെന്ന് അവര്‍ പറഞ്ഞു. ആ സംഘത്തിലെ ഒരുത്തന്‍ എന്നെ ചാടി അടിക്കാന്‍ വന്നു. തലയ്ക്കിട്ട് അടിക്കാനാണ് അവര്‍ നോക്കിയത്.
ഞാന്‍ മാറിയതുകൊണ്ട് ഷോള്‍ഡറിലാണ് അടി കൊണ്ടത്. അപ്പുറത്തെ വീട്ടില്‍ നിന്നിരുന്ന ഒരാള്‍ കണ്ട് അദ്ദേഹമാണ് പൊലീസിനെ വിളിച്ചത്.” റിയാസ് ഖാന്‍ പറയുന്നു.
കോവിഡ് പ്രതിരോധത്തിനായി നിരവധി സിനിമാ താരങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനിടയിലാണ് ചിലര്‍ തെറ്റു ചൂണ്ടിക്കാട്ടുന്നവരെ മര്‍ദ്ദിക്കുന്നത്.