വിലയില്ലാത്ത പണം എന്തിനു കൊള്ളും എന്നു ചോദിച്ചാൽ ഇരുപത്തഞ്ചുകാരിയായ വിൽമർ റോജാസ് ഉത്തരം പറയുക താൻ നിർമിച്ച കരകൗശലവസ്തുക്കൾ ചൂണ്ടിക്കാട്ടിയാകും. പണപ്പെരുപ്പം മൂലം ദുരിതത്തിലായ ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽനിന്നാണ് ഈ വേറിട്ട കാഴ്ച. വെനസ്വേലയുടെ കറൻസി ബോളിവർ ഉപയോഗിച്ചു കരകൗശല വസ്തുക്കൾ നിർമിക്കുന്നതാണ് വിൽമറിന്റെ പ്രധാന ഉപജീവനമാർഗം.
വൈകുന്നേരങ്ങളിൽ വഴിവക്കിൽ ചായവിതരണം നടത്തിയും ഈ യുവതി ജീവിക്കാൻ പണം കണ്ടെത്തുന്നു. യൂറോയുമായുള്ള വിനിമയനിരക്കിൽ 87 ശതമാനം ഇടിവുണ്ടായ സ്ഥിതിയിലാണ് വെനസ്വേലയുടെ കറൻസിയായ ബോളിവർ. പത്തോ ഇരുപതോ ബോളിവർ കൊടുത്താൽ ഒരു ചെറുമിഠായി പോലും കിട്ടാത്ത ദുസ്ഥിതി!