കറന്‍സി റദ്ദാക്കല്‍: ഇന്ത്യ വികസിത രാജ്യങ്ങളുടെ നിരയിലേക്കെന്നു കസ്റ്റംസ് കമ്മീഷണര്‍

bis-fbbank

കൊച്ചി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ റദ്ദാക്കുന്ന ഇപ്പോഴത്തെ നടപടിക്കൊപ്പം സര്‍ക്കാര്‍ അതിന്റെ പൂര്‍ണമായ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിരയിലേക്ക് എത്തുമെന്നു കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഡോ.കെ.എന്‍. രാഘവന്‍. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) കൊച്ചിയില്‍ സംഘടിപ്പിച്ച ‘ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളുടെ റദ്ദാക്കല്‍ – അനുഗ്രഹമോ ശാപമോ?’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിനും കള്ളനോട്ടുകള്‍ക്കും ഭീകരവാദത്തിനുമെതിരായ ഏറ്റവും ശക്തമായ നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രാമീണ മേഖലകളില്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന സഹകരണ ബാങ്കിംഗ് മേഖലയോടു ഗവണ്‍മെന്റ് കൂടുതല്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ ഇതാവശ്യമാണെന്നും ഡോ. രാഘവന്‍ അഭിപ്രായപ്പെട്ടു.

കറന്‍സി റദ്ദാക്കലിലൂടെ ബാങ്കുകളില്‍ വരുമെന്നു കരുതുന്ന ഏകദേശം 11 ലക്ഷം കോടി രൂപയോടെ ബാങ്കിംഗ് സംവിധാനത്തിന്റെ ലിക്വിഡിറ്റി പല മടങ്ങായി കൂടുമെന്നു പ്രതീക്ഷിക്കുന്നതായി വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ മാനേജിംഗ് പാര്‍ട്ണറും സാമ്പത്തിക വിദഗ്ധനുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചൂണ്ടിക്കാട്ടി. കെഎംഎ പ്രസിഡന്റ് മാത്യു ജോസ് ഉറുമ്പത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മരിയ ഏബ്രഹാം, ആര്‍. മാധവ് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts