ചെന്നൈ: കൊറോണ ബാധയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും കര്‍ശന നിയന്ത്രണങ്ങള്‍. സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ചൊവ്വാഴ്ച വൈകിട്ട് ആറു മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ.
പച്ചക്കറി കടകള്‍, മത്സ്യ- മാംസ സ്റ്റാളുകള്‍, പാല്‍ സൊസൈറ്റികള്‍ തുടങ്ങിയവ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാന അതിര്‍ത്തികള്‍ അടക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അവരുടെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിക്കണമെന്നും പളനിസ്വാമി ആവശ്യപ്പെട്ടു.
അതേസമയം, സര്‍ക്കാര്‍ നടത്തുന്ന ‘അമ്മ കാന്റീനു’കള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട് അതിര്‍ത്തി പൂര്‍ണമായും അടച്ചാല്‍ അത് കേരളത്തെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അതിര്‍ത്തി റോഡുകള്‍ അടച്ചാല്‍ സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കം തടസപ്പെട്ടേക്കും.
അതേസമയം, തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് നീക്കം തടസപ്പെടാതിരിക്കുന്നതിന് അവിടുത്തെ സര്‍ക്കാര്‍ വൃത്തങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് കേരളം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.