മൊത്തവിലക്കയറ്റം അല്പം കുറഞ്ഞു

bis-rupeesന്യൂഡല്‍ഹി: ചില്ലറവിലകളുടെ ചുവടുപിടിച്ച് മൊത്തവിലക്കയറ്റവും കുറഞ്ഞു. കറന്‍സി പിന്‍വലിക്കലിനെത്തുടര്‍ന്ന് പച്ചക്കറിക്കും മറ്റും വിലയിടിഞ്ഞതാണു പണപ്പെരുപ്പനിരക്ക് കുറയാനിടയായത്. നവംബറിലെ മൊത്തവില സൂചികയിലെ കയറ്റം 3.15 ശതമാനം മാത്രമാണ്. ഒക്ടോബറില്‍ 3.39 ശതമാനം കയറിയതാണ്. കഴിഞ്ഞവര്‍ഷം നവംബറില്‍ 2.04 ശതമാനം ഇടിവായിരുന്നു സൂചികയ്ക്ക്.പച്ചക്കറികള്‍ക്ക് 24.1 ശതമാനവും ഉള്ളിക്ക് 51.51 ശതമാനവും വില കുറഞ്ഞു. മൊത്തം ഭക്ഷ്യവിഭവങ്ങളുടെ വിലക്കയറ്റം ഒക്ടോബറിലെ 4.34 ശതമാനത്തില്‍നിന്ന് 1.54 ശതമാനമായി താണു.

ഫാക്ടറി ഉത്പന്നങ്ങളുടെ വിലക്കയറ്റം 3.2 ശതമാനമായി വര്‍ധിച്ചു. തലേമാസം 2.67 ശതമാനമായിരുന്നു. പഞ്ചസാരവില 31.76 ശതമാനവും പെട്രോള്‍വില 3.57 ശതമാനവും വര്‍ധിച്ചു. പയറുവര്‍ഗങ്ങള്‍ക്ക് 21.73 ശതമാനം വിലക്കയറ്റമുണ്ട്.ക്രൂഡ് ഓയില്‍, ഗോതമ്പ്, പഞ്ചസാര തുടങ്ങിയവയുടെ വിലക്കയറ്റം ഡിസംബറിലെ നാണ്യപ്പെരുപ്പത്തോതു കൂടാന്‍ ഇടയാക്കിയേക്കും.

Related posts