ന്യൂഡൽഹി: കറൻസി പിൻവലിക്കലിന്റെ ഫലമായി ഡിസംബറിലെ വ്യവസായ ഉത്പാദനം പിന്നോട്ടടിച്ചതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ). ഇന്നലെ പുറത്തിറക്കിയ വ്യവസായ ഉത്പാദന സൂചിക (ഐഐപി) ഡിസംബറിൽ 0.4 ശതമാനം കുറഞ്ഞതായി കാണിക്കുന്നു.
ഖനനവും വൈദ്യുതി ഉത്പാദനവും ഗണ്യമായി വർധിച്ചതു മൂലമാണു തളർച്ചയുടെ തോത് കുറവായി കാണുന്നത്. ഫാക് ടറി ഉത്പാദനം മാത്രമെടുത്താൽ രണ്ടു ശതമാനമാണ് ഇടിവ്.
ടൂവീലറുകൾ, ത്രീവീലറുകൾ, വൈദ്യുത ഗൃഹോപകരണങ്ങൾ, സാധാരണ കൺസ്യൂമർ വസ്തുക്കൾ, ആയുർവേദ മരുന്നുകൾ, തുകൽ സാധനങ്ങൾ, കന്പിളി വസ്ത്രങ്ങൾ തുടങ്ങിയവയൊക്കെ ഗണ്യമായി ഉത്പാദനം കുറഞ്ഞ മേഖലകളാണ്. വിവിധ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലുണ്ടായ കുറവ് ഇപ്രകാരം (ശതമാനത്തിൽ):
കന്പിളി പരവതാനി 51.3
ത്രീവീലറുകൾ 43.3
ആയുർവേദ മരുന്നുകൾ 39.6
മൊളാസസ് 37.9
അരി 32.8
പ്രൊപ്പിലിൻ 28.5
സ്കൂട്ടർ, മോപെഡ് 26.3
എയർ കണ്ടീഷണർ 25.7
മോട്ടോർ സൈക്കിൾ 24.6
തുകൽ വസ്ത്രങ്ങൾ 23.2
പ്രഷർ കുക്കർ 20.4