കൊണ്ടോട്ടി: സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നതിനിടെ കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്ക് കറന്‍സി കടത്ത്. കേന്ദ്ര സുരക്ഷാ സേനയുടെ(സിഐഎസ്എഫ്) പരിശോധനയില്‍ ദുബായിയിലേക്ക് പോകാനെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് മാത്രം 19.44 ലക്ഷത്തിന്റെ കറന്‍സിക്കടത്താണ് പിടികൂടിയത്.
ഇന്‍ഡിഗോ വിമാനത്തില്‍ ദുബായിയിലേക്ക് പോകാനെത്തിയ കൊടുവളളി സ്വദേശി മുഹമ്മദ് അസ്ലം, എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായിയിലേക്ക് പോകാനെത്തിയ കാസര്‍ക്കോട് സ്വദേശി അബ്ദുള്‍ സത്താര്‍ എന്നിവരില്‍ നിന്നാണ് കറന്‍സി പിടികൂടിയത്.
3.44 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയാണ് മുഹമ്മദ് അസ്ലമില്‍ നിന്ന് കണ്ടെത്തിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറൻസി.സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് രൂപ കടത്ത് കണ്ടെത്തിയത്.
യാത്രക്കാരന് ഇന്ത്യന്‍ കറന്‍സി കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ട്. കാസര്‍ക്കോട് സ്വദേശി അബ്ദുള്‍ സത്താറില്‍ നിന്ന് 16 ലക്ഷത്തിന് തുല്യമായ വിദേശ കറന്‍സികളാണ് പിടികൂടിയത്.
യുഎഇ ദിര്‍ഹം, സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, ഒമാന്‍ റിയാല്‍ തുടങ്ങിയവായാണ് കണ്ടെത്തിയത്. ഇരുവരേയും പിന്നീട് കസ്റ്റംസിന് കൈമാറി.
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം
ദുബായിയിലേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സികള്‍ പിടിച്ചെടുത്ത കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം.
സിഐഎസ്എഫ് ഉദ്യോഗസ്ഥരായ എം.സുധീഷ്സഷെയ്ക് ജാനിബാബു എന്നിവര്‍ക്കാണ് 5,000 രൂപ സിഐഎസ്എഫ് സ്പെഷല്‍ ഡയറക്ടര്‍ ജനറല്‍ എ.എ.ഗണപതി പാരിതോഷികം പ്രഖ്യാപിച്ചത്.
വിദേശത്തേക്ക് പോകാനെത്തുന്നവരുടെ ബാഗുകള്‍ ആദ്യം പരിശോധിക്കുന്നത് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്. ഇവരുടെ അവസരോചിത ഇടപെടലും കര്‍ശന പരിശോധനയും വഴി നിരവധി കളളക്കടത്ത് പിടികൂടാനായിട്ടുണ്ട്.
ഇവ പിന്നീട് കസ്റ്റംസിന് കൈമാറുകയാണ് പതിവ്. കളളക്കടത്ത് പിടിച്ചാല്‍ കസ്റ്റംസിന് നിശ്ചിത ശതമാനം തുക നൽകും. കളളക്കടത്ത് ഒറ്റുകാര്‍ക്കും പാരിതോഷികമുണ്ട്.
എന്നാല്‍ സിഐഎസ്എഫിന് പാരിതോഷികം ലഭിക്കുന്നത് ഇതാദ്യമായാണ്. വിമാനത്താവളത്തിലെ അകത്തെ ചുമതലയാണ് ഡെപ്യൂട്ടി കമാന്‍ഡന്റ് എ.വി.കിഷോര്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘത്തിന് കരിപ്പൂരിലുളളത്.