മുംബൈ: രാജ്യത്ത് പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം 20 ലക്ഷംകോടി രൂപ കവിഞ്ഞു. രണ്ടുവർഷം മുന്പ് കറൻസി റദ്ദാക്കലിനു ഗവൺമെന്റ് പറഞ്ഞ ന്യായീകരണങ്ങളിൽ ഒന്ന് കറൻസി ഉപയോഗം കുറയ്ക്കണം എന്നതായിരുന്നു. 17.91 ലക്ഷം കോടി രൂപയുടെ കറൻസി രാജ്യത്തുണ്ടായിരുന്നപ്പോഴായിരുന്നു റദ്ദാക്കൽ.
ഈ നവംബർ ഒന്പതിലെ കണക്ക് റിസർവ് ബാങ്ക് ഇന്നലെ പുറത്തുവിട്ടതനുസരിച്ച് 20,22,330 കോടി രൂപയുടെ കറൻസി രാജ്യത്തുണ്ട്. ഒരാഴ്ചകൊണ്ട് 49,420 കോടി രപയുടെ കറൻസി വർധിച്ചു. ഇത്രയും വർധന (രണ്ടര ശതമാനം) സാധാരണമല്ല.
2016 നവംബർ എട്ടിനു രാത്രി അന്നുണ്ടായിരുന്ന 500, 1000 രൂപ കറൻസികളാണ് റദ്ദാക്കിയത്. അവയ്ക്ക് മൊത്തം 15.41 ലക്ഷംകോടി രൂപ മൂല്യമുണ്ടായിരുന്നു. അതിൽ 15.31 ലക്ഷം കോടി രൂപയുടെ കറൻസികൾ തിരിച്ചെത്തി. അഞ്ചു ലക്ഷം കോടി രൂപ തിരിച്ചുവരില്ലെന്ന ധാരണ തെറ്റിപ്പോയി.
ജനം കറൻസി ഉപയോഗം കുറയ്ക്കുമെന്നു കരുതിയതും തെറ്റി. ഇപ്പോൾ രണ്ടു വർഷംകൊണ്ട് 2016ലേക്കാൾ രണ്ടു ലക്ഷം കോടി രൂപയുടെ കറൻസി ജനം ഉപയോഗിക്കുന്നു.