മുംബൈ: കറൻസി റദ്ദാക്കൽ രാജ്യത്തിന്റെ സാന്പത്തിക (ജിഡിപി) വളർച്ചയിൽ രണ്ടു ശതമാനം കുറവു വരുത്തിയെന്ന് വിദഗ്ധപഠനം. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ മുഖ്യ ധനശാസ്ത്രജ്ഞയായി ചുമതല ഏൽക്കാൻ പോകുന്ന ഗീത ഗോപിനാഥ് അടങ്ങിയ സംഘത്തിന്റേതാണു നിഗമനം.
ഹാർവഡ് യൂണിവേഴ്സിറ്റി ധനശാസ്ത്ര പ്രഫസറായ ഗീതയ്ക്കു പുറമേ അവിടെത്തന്നെയുള്ള ഗബ്രിയേൽ ചോഡോറോ റൈഹ്, ഗോൾഡ്മാൻ സാക്സിൽ ഗവേഷണ വിഭാഗം മാനേജിംഗ് ഡയറക്ടർ പ്രാചി മിശ്ര, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ അഭിനവ് നാരായണൻ എന്നിവരുണ്ടായിരുന്നു പഠനസംഘത്തിൽ. അമേരിക്കയിലെ നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
കറൻസി റദ്ദാക്കിയ മാസവും പിറ്റേ മാസവും സാന്പത്തിക വളർച്ച മൂന്നിലേറെ ശതമാനം വീതം താഴോട്ടുപോയി. 2017 രണ്ടാം പകുതിയോടെയാണ് ഇതിന്റെ ദുരിതങ്ങൾ കുറഞ്ഞുതുടങ്ങിയത്.ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ നികുതി പിരിവിനും ഡിജിറ്റൽ ഇടപാടുകളുടെ വ്യാപനത്തിനും ഇതുവഴിതെളിച്ചേക്കാം എന്നാണു നിഗമനം.