നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസിന്റെ ഇന്റലിജൻസ് വിഭാഗം 14.5 കോടി രൂപയുടെ വിദേശനാണയ വിനിമയ തട്ടിപ്പ് കണ്ടെത്തി. അന്താരാഷ്ട്ര ടെർമിനലിന്റെ സെക്യൂരിറ്റി ഹോൾഡിംഗ് ഏരിയായിൽ പ്രവർത്തിക്കുന്ന തോമസ് കുക്ക് എന്ന ഏജൻസിയാണ് ഈ തട്ടിപ്പ് നടത്തിയിട്ടുള്ളത്. കൊച്ചി വിമാനത്താവളത്തിൽ പിടിച്ചിട്ടുള്ള ഏറ്റവും വലിയ വിദേശ നാണയ വിനിമയ തട്ടിപ്പാണിത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്കുള്ള കണക്കുകൾ പരിശോധിച്ചപ്പോഴാണ് 9000 ഇടപാടുകളിൽക്കൂടി ഇത്രയും വലിയ തുക കൊടുത്തിട്ടുള്ളത്. എൻആർഐക്കാർക്കും വിദേശ പൗരൻമാർക്കും മാത്രം വിദേശ നാണയം മാറിക്കൊടുക്കുന്ന കൗണ്ടറിലാണ് അനധികൃത വിനിമയം നടന്നിട്ടുളളത്.
ഈ ഭാഗത്ത് ഒരാൾക്ക് പരമാവധി 25,000 ഇന്ത്യൻ കറൻസിക്കുള്ള ഡോളർ മാത്രമേ നൽകാൻ നിയമം അനുവദിക്കുന്നുള്ളൂ. ഒരേ പാസ്പോർട്ടിൽ പലവട്ടം കറൻസി മാറിക്കൊടുത്തിട്ടുണ്ട്. പലരുടേയും കുടുംബാംഗങ്ങളുടെ പാസ്പോർട്ടിലും കറൻസി മാറിയിട്ടുണ്ട്.
അനധികൃത വിദേശ നാണയ വിനിമയത്തിന്റെ പിന്നിൽ സ്വർണ കള്ളക്കടത്ത് സംഘമാണെന്ന നിഗമനമാണ് കസ്റ്റംസിനുള്ളത്. ഇന്ന് റിസർവ് ബാങ്ക് ഉദ്യോഗസ്ഥന്മാർ ഇതിന്റെ സൂക്ഷ്മ പരിശോധനയ്ക്കായി വിമാനത്താവളത്തിൽ എത്തും.