മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും കറൻസി വേട്ട. വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 14 ലക്ഷത്തോളം രൂപയുടെ വിദേശ കറൻസി പിടികൂടി. രണ്ടു ദുബായ് യാത്രക്കാരിൽ നിന്നാണ് യുഎഇ ദിർഹം പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ അബ്ദുള്ള കുനിയിൽ (36), അസ് ലാമി (26) എന്നിവരിൽ നിന്നാണ് കറൻസിപിടികൂടിയത്.
ഇന്നലെ രാത്രി ദുബായിലേക്ക് ഗോഎയർ വിമാനത്തിൽ പോകാനെത്തിയ അബ്ദുള്ളയിൽ നിന്ന് 50,000ത്തിന്റെയും അസ്ലാമിയിൽ നിന്ന് 25,000ത്തിന്റെയും യുഎഇ ദിർഹമാണ് പിടികൂടിയത്. സിഐഎസ്എഫ് ചെക്കിംഗ് പരിശോധനയിലാണ് കറൻസി കണ്ടെത്തിയത്. തുടർന്നു ഇരുവരെയും സിഐഎസ്എഫ് കസ്റ്റംസിന് കൈമാറി. ഇന്ത്യൻ രൂപ പ്രകാരം 13,87,000 രൂപയുമാണ് പിടികൂടിയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 5 പേരിൽ നിന്നായി ലക്ഷങ്ങളുടെ വിദേശ കറൻസികളാണ് പിടികൂടിയത്. പോണ്ടിച്ചേരി സ്വദേശി അലവിക്കോയയിൽ നിന്നും പാനൂർ സ്വദേശി റഹൂഫിൽ നിന്നും കൂത്തുപറമ്പ് സ്വദേശി സാലിദ് സെയ്ദിൽ നിന്നുമാണ് വിവിധ രാജ്യങ്ങളുടെ കറൻസി പിടികൂടിയത്. യുഎഇ ദിർഹം, സൗദി റിയാൽ, യൂറോ, യുഎസ് ഡോളർ എന്നിവയാണ് പിടികൂടിയത്.
5000 ഡോളർ വരെ വിദേശത്തേക്ക് കൊണ്ടുപോകാൻ നിയമമുണ്ടെങ്കിലും കൂടുതൽ കൊണ്ടുപോകാൻ ശ്രമിച്ചതാണ് പിടിക്കപ്പെടുന്നത്. പിടിക്കപ്പെടുന്ന പണം സർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് ചെയ്യുന്നത്. കറൻസി കടത്തുന്നതിനിടെ പിടിയിലായവരുടെ യാത്ര തടസപ്പെടുകയും വൻ തുക കസ്റ്റംസ് ഈടാക്കുകയും ചെയ്യും.