സിജോ പൈനാടത്ത്
കൊച്ചി: അച്ചടിയില്‍ അതീവ സൂക്ഷ്മത പുലര്‍ത്തിയെന്നു റിസര്‍വ് ബാങ്ക് അവകാശപ്പെട്ട പുതിയ രണ്ടായിരം, അഞ്ഞൂറു രൂപ നോട്ടുകളിലും അച്ചടിപ്പിശക്. ഗാന്ധിജിയുടെ ചിത്രം അച്ചടിക്കാന്‍ വിട്ടുപോയ അഞ്ഞൂറു രൂപയുടെയും മറ്റൊരു നോട്ടിന്റെ ഭാഗം കൂടി ചേര്‍ത്തു പുറത്തിറങ്ങിയ രണ്ടായിരത്തിന്റെയും നോട്ടും കിട്ടിയത്, അപൂര്‍വ കറന്‍സികളുടെ ശേഖരം ശീലമാക്കിയ അങ്കമാലി സ്വദേശിക്ക്.
അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ സീനിയര്‍ പിആര്‍ഒ ഷൈജു കുടിയിരിപ്പിലിന്റെ അപൂര്‍വ ശേഖരത്തിലേക്കാണു ഗാന്ധിജിയില്ലാത്ത പുതിയ അഞ്ഞൂറിന്റെയും മറ്റൊരു നോട്ടിന്റെ ഭാഗം കൂടിച്ചേര്‍ന്ന രണ്ടായിരത്തിന്റെയും നോട്ടുകള്‍ എത്തിയത്. ഗാന്ധിജിയുടെ ചിത്രം അച്ചടിക്കാന്‍ വിട്ട്പോയ കറന്‍സികളുടെ പ്രത്യേക ശേഖരം ഇതിനകം ഷൈജുവിന്റെ പക്കലുണ്ട്.
ഇക്കൂട്ടത്തിലേക്കാണു പുതിയ അഞ്ഞൂറ് രൂപാ നോട്ടും ഇടം നേടുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചിത്രത്തിനു മുകളില്‍ ദേശീയപതാക ഇല്ലാത്ത അമ്പതു രൂപയുടെ നോട്ടുമുതല്‍ നമ്പറില്ലാതെ ഇറങ്ങിയ കറന്‍സി നോട്ടുകള്‍, മറ്റൊരു നോട്ടിന്റെ ഭാഗം കൂടി ചേര്‍ന്നു വന്ന നോട്ടുകള്‍ എന്നിവയെല്ലാം ഷൈജുവിന്റെ ശേഖരത്തിലുണ്ട്.
ഇരുപതു വര്‍ഷത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ ഒരു രൂപയുടെ പുതിയ നോട്ട് പുറത്തിറക്കിയപ്പോള്‍ അതിലും അച്ചടിത്തെറ്റ് പറ്റിയവ ഷൈജു ശേഖരിച്ചിരുന്നു. സൂക്ഷ്മമായ നിരവധി പരിശോധനകള്ക്കൊടുവിലാണു റിസര്‍വ് ബാങ്ക് നോട്ടുകള്‍ പുറത്തു വിടുന്നത്. ഈ ഘട്ടത്തില്‍ തെറ്റു പറ്റിയവ കണ്ടെത്തിയാല്‍ അതു നശിപ്പിച്ചു പകരം നമ്പറിനൊപ്പം നക്ഷത്ര ചിഹ്നമുള്ള നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കാറുണ്ട്.
ഇന്ത്യയിലെ പ്രമുഖ ന്യുമിസ്മാറ്റിക്സ് സൊസൈറ്റികളിലെ അംഗത്വം, ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള സൗഹൃദം എന്നിവയിലൂടെയാണു ഷൈജു അപൂര്‍വമായ നോട്ടുകള്‍ ശേഖരിക്കുന്നത്.