രാജ്യത്തെ കള്ളപ്പണത്തില്‍ നിന്ന് രക്ഷിക്കുക എന്ന സദുദ്ദേശത്തോടെയാണ് നരേന്ദ്രമോദി 2016 നവംബര്‍ എട്ടാം തിയതി അര്‍ദ്ധരാത്രി 500, 100 നോട്ടുകള്‍ റദ്ദാക്കിയത്. കള്ളപ്പണം തടയല്‍, കറന്‍സിരഹിത ഡിജിറ്റല്‍ ഇന്ത്യ, കള്ളനോട്ട് തടയല്‍ തുടങ്ങി അനവധി സ്വപ്നങ്ങള്‍ ഈ പദ്ധതിക്ക് പിന്നിലുണ്ടായിരുന്നു. ഇതെല്ലാം നടപ്പിലാക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ ഇറക്കുകയും ചെയ്തു. പ്രത്യേകം ആപ്പുകള്‍, ഓണ്‍ലൈന്‍ സുരക്ഷ, ഭീം ആപ്പ്, സമ്മാനങ്ങള്‍ തുടങ്ങിയവ നോട്ട് പിന്‍വലിക്കലിന് പിന്നാലെയുമെത്തി. എന്നാല്‍ പൂര്‍ണ്ണമായ രീതിയിലും സാധാരണക്കാരിലേയ്ക്ക് എത്തിച്ചെല്ലാന്‍ ഈ ബദല്‍ സംവിധാനങ്ങള്‍ക്കൊന്നും സാധിച്ചിട്ടില്ലെന്നത് മറ്റൊരു സത്യം. ഓണ്‍ലൈന്‍ ബാങ്കിംഗ് ഇല്ലെങ്കില്‍ ഇടപാടുകളൊന്നും നടക്കില്ല എന്ന് സ്ഥിതിയാണ് നോട്ടുനിരോധനത്തിനുശേഷം രാജ്യത്ത് സംജാതമായിരിക്കുന്ന അവസ്ഥ. എങ്കില്‍പ്പോലും ആളുകള്‍ ബാങ്കുകള്‍ സന്ദര്‍ശിക്കുന്നതില്‍ കുറവൊന്നും വന്നിട്ടില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ പന്ത്രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ബാങ്കുകളിലെ 94 ശതമാനം ഉപഭോക്താക്കളും അവരുടെ ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിച്ചിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. 2017 ഒറാക്കിള്‍ ജെഡി പവര്‍ ഇന്ത്യ ‘റീട്ടയില്‍ ബാങ്കിംഗ് സ്റ്റഡി’ പ്രകാരം നോട്ടു നിരോധനം വന്നിട്ടു പോലും ഡിജിറ്റല്‍ ബാങ്കിങ് പോലെയുള്ള സൗകര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്കി ചിന്തിക്കുന്ന ഒരു ജനതയല്ല ഇന്ത്യയിലുള്ളത്. നിലവില്‍ 51 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് അവരുടെ ബാങ്കില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നത്. കൂടുതല്‍ ഇടപാടുകള്‍ ബാങ്കുകളിലൂടെ നേരിട്ട് തന്നെയാണ് നടക്കുന്നത്. ഡിജിറ്റല്‍ ഇടത്തില്‍ ബാങ്കുകള്‍ക്ക് വലിയ സാധ്യതയാണ് ഉള്ളത്.’ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഡി പവറിന്റെ സീനിയര്‍ ഡയറക്ടര്‍ ആയ ഗോര്‍ഡണ്‍ ഷീല്‍ഡ്സ് പറഞ്ഞു. പതിനാലു സംസ്ഥാനങ്ങളിലായി ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ നടത്തിയ സര്‍വേ ആയിരുന്നു ഇത്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള 5368 ഉപഭോക്താക്കളുമായി നേരിട്ട് നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ഇന്ത്യയില്‍ ഉപഭോക്താക്കള്‍ ചൈന, യുഎസ്എ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഉപഭോക്താക്കളെ വച്ച് നോക്കുമ്പോള്‍ താരതമ്യേന അസംതൃപ്തരാണ്. 48 ശതമാനം പേരും ഇപ്പോഴും മൊബൈലില്‍ ബാങ്കിങ് ആപ്പ് ഇല്ലാത്തവരായി തുടരുന്നു. സുരക്ഷാപ്രശ്നങ്ങള്‍ തന്നെയാണ് ആളുകളെ ഇതില്‍നിന്നും അകറ്റുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ പ്ലാനുകള്‍ അല്ല ബാങ്കുകള്‍ മിക്കപ്പോഴും പരിചയപ്പെടുത്തുന്നതെന്ന് 73 ശതമാനം അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി ആളുകളെ ബന്ധപ്പെടുത്തുന്നതില്‍ കൃത്യമായ ശ്രമങ്ങള്‍ ഇല്ലാത്തതും സുരക്ഷാപ്രശ്നങ്ങളെ കുറിച്ചുള്ള ഭയവുമാണ് ആളുകളെ ഓണ്‍ലൈന്‍ ബാങ്കിങ് പോലെയുള്ള രീതികളില്‍ നിന്നും അകറ്റുന്നത്. ജനങ്ങളുടെ താത്പര്യം മനസിലാക്കി പോളിസികള്‍ അവതരിപ്പിക്കുന്നതില്‍ സ്വകാര്യ ബാങ്കുകള്‍ പൊതുബാങ്കുകളേക്കാള് ഏറെ മുന്നിലാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതില്‍ നിന്നൊക്കെ വ്യക്തമാവുന്ന കാര്യം മറ്റൊന്നുമല്ല, കറന്‍സിരഹിത ഇന്ത്യ എന്ന മോദിയുടെ സ്വപ്നപദ്ധതി വേണ്ടവിധത്തില്‍ ഫലം കണ്ടിട്ടില്ല.