നാദാപുരം: വൈദ്യുതി പ്രതിസന്ധി മുന്നിലെത്തി നിൽക്കെ അരൂരിൽ പാഴായി പോകുന്ന വെള്ളത്തിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിച്ച് യുവാവ് ശ്രദ്ധ നേടുന്നു.പുറമേരി പഞ്ചായത്ത് ഒന്പതാം വാർഡിൽ അരൂർ മുതൽ ഹരിതവയലിലേക്കള്ള റോഡിൽ മുക്കാൽ കിലോ മീറ്ററിലധികം ദൂരം വെളിച്ചം നൽകുന്നത് കൊക്കാലുണ്ടി സ്നിഷിൻ ലാലാണ്.
വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഉപയോഗിച്ചതാകട്ടെ യന്ത്ര സാമഗ്രികളും പാഴ് വസ്തുക്കളുമാണ്. ജല ക്ഷാമം രൂക്ഷമായതിനിടയിലാണ് വാർഡ് അംഗം ഒ.രമേശന്റെ നേതൃത്വത്തിൽ തോടിന് കുറുകെ തടയണ നിർമ്മിച്ചത്.ഇതിൽ നിന്നുള്ള വെള്ളച്ചാട്ടം കണ്ടപ്പോഴാണ് സ്നിഷിൻലാലിന് വൈദ്യതി ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന ആശയം ഉണർന്നത്. തടയണയിൽ നിന്ന് പുറത്ത് ചാടുന്ന വെള്ളം ഉപയോഗിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. മൂന്ന് വാട്ടിന്റെ പതിനഞ്ചോളം ബൾബുകൾ ഇപ്പോൾ കത്തുന്നുണ്ട്. കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് വാർഡ് അംഗം രമേശൻ പറഞ്ഞു.