തിരുവനന്തപുരം: ക്രോസ് സബ്സിഡി നിർത്തലാക്കുന്നതോടെ ഗാർഹിക ഉപയോക്കാക്കളുടെ വൈദ്യുതി നിരക്ക് ഇരട്ടിയാകും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വൈദ്യുതി ഭേദഗതി ബിൽ നടപ്പാകുന്നതോടെഗാർഹിക ഉപയോക്താക്കൾക്ക് ഇരുട്ടടിയാകും.
നിലവിൽ ക്രോസ് സബ്സിഡി നൽകുന്നതിനാലാണ് ഗാർഹിക ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്നത്. പുതിയ ബിൽ പ്രാബല്യത്തിലാകുന്നതോടെ ഇതിൽ മാറ്റം വരും.
ആദ്യവർഷം സാധാരണ ഉപയോക്താക്കൾക്ക് നൽകി വരുന്ന ക്രോസ് സബ്സിഡി 20 ശതമാനം കുറയ്ക്കും. മൂന്നുവർഷംകൊണ്ട് സബ്സിഡി പൂർണമായി ഇല്ലാതാകും. ഇതോടെ സബ്സിഡി ഇല്ലാത്ത വൈദ്യുതിയാകും ഗാർഹിക ഉപയോക്താക്കൾക്ക് ലഭിക്കുക.
പൊതുവിപണിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ സ്വകാര്യ മേഖലയ്ക്ക് അനുമതി നൽകാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇതോടെ കുറഞ്ഞ വിലയ്ക്ക് പകൽ സമയം ലഭിക്കുന്ന വൈദ്യുതി സ്വകാര്യ ഉപയോക്താക്കൾ വാങ്ങുകയും ഈ വിഭാഗം ഉപയോക്താക്കൾ വൈദ്യുതി ബോർഡിനെ ഉപേക്ഷിച്ചുപോകുകയും ചെയ്യും.
വൈകുന്നേരങ്ങളിൽ കൂടുതൽ വൈദ്യുതി ഉപയോഗമുള്ള സമയത്ത് വിലകൂടിയ വൈദ്യുതി അതേ വിലയ്ക്ക് ഗാർഹിക ഉപയോക്താക്കൾ വാങ്ങേണ്ട സ്ഥിതി വരും. കനത്ത തിരിച്ചടിയാകും ഗാർഹിക ഉപയോക്താക്കൾ നേരിടേണ്ടിവരുന്നത്.