തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കടുത്ത വൈദ്യുതി നിയന്ത്രണം വേണ്ടിവരും.
ലോഡ് ഷെഡിംഗ് വേണോയെന്ന് 21ന് ഉന്നതതല യോഗത്തിനുശേഷം അറിയാം. ചാർജ് വർധനയും വേണ്ടിവന്നേക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുകയാണ്. വൈദ്യുതി ഉത്പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 30 ശതമാനവും ഇടുക്കിയില്‍നിന്നാണ്. നിലവിൽ ഇടുക്കി അണക്കെട്ടില്‍ അവശേഷിക്കുന്നത് 32 ശതമാനം വെള്ളം മാത്രം.
തിങ്കളാഴ്ച കെഎസ്ഇബി ചെയർമാൻ നൽകുന്ന റിപ്പോർട്ടിന് അനുസരിച്ചാകും സർക്കാരിന്റെ തുടർനടപടി.സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയായതിനാൽ അധിക വൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ടിവരുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് കെഎസ്ഇബി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോര്‍ട്ട് 21ന് നല്‍കാനാണ് കെഎസ്ഇബി ചെയര്മാന് മന്ത്രി നിര്‍ദേശം നല്‍കിയത്.