തിരുവനന്തപുരം: വീടുകളുടെ വൈദ്യുതി നിരക്ക് ഇക്കൊല്ലം യൂണിറ്റിന് 10 പൈസ മുതൽ 80 പൈസവരെ വർധിക്കാൻ വൈദ്യുതി ബോർഡിന്റെ നിർദേശം. അടുത്തവർഷവും നിരക്ക് ഉയരും. അടുത്ത നാലുവർഷത്തേക്കുള്ള പ്രതീക്ഷിത വരവ് ചെലവ് കണക്കുകളും ബോർഡ് റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചു.
വീടുകളുടെ ഫിക്സഡ് ചാർജ് വർധിപ്പിക്കാൻ നിർദേശമുണ്ട്. വീടുകളുടെ ഫിക്സഡ് ചാർജ് സിംഗിൾ ഫേസ്, ത്രീഫേസ് എന്നിങ്ങനെ രണ്ടുതരത്തിലുണ്ടായിരുന്നത് നാലായി വിഭജിക്കും. സിംഗിൽ ഫേസ് 30 രൂപയായിരുന്നു ഫിക്സഡ് ചാർജ്. സിംഗിൾ ഫേസിനെ 150 യൂണിറ്റുവരെയെന്നും 150 യൂണിറ്റിനു മുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കും. 150 യൂണിറ്റുവരെയുള്ളവർക്ക് ഈ വർഷം 75 രൂപയായും അടുത്തവർഷം 100 രൂപയായും വർധിപ്പിക്കാനാണ് ശിപാർശ.
ത്രീഫേസിനെ 150 യൂണിറ്റുവരെയെന്നും അതിനുമുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കാൻ ശിപാർശ ചെയ്യുന്നു. 150 യൂണിറ്റുവരെ 80 രൂപയായിരുന്നത് ഈവർഷം 90 രൂപയായും അടുത്തവർഷം 100 രൂപയായും വർധിക്കാൻ നിർദേശിക്കുന്നു.
150 യൂണിറ്റിനു മുകളിലുള്ളത് ഈ വർഷം 80-ൽ നിന്ന് 130 രൂപയായും അടുത്ത വർഷം 160 രൂപയായും ഉയർത്താനുമാണ് നിർദേശം. വ്യവസായ മേഖലയിലെ ഡിമാൻഡ് ചാർജ് ഒരു കെവിഎ ലോഡിന് 300 രൂപയിൽ നിന്ന് 600 രൂപയാക്കാനും അടുത്ത വർഷം 750 രൂപയാക്കാനുമാണ് നിർദേശം.
അതേസമയം 350 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്നവർക്ക് ഇക്കൊല്ലം യൂണിറ്റിന് അഞ്ചുപൈസ കുറയക്കാൻ നിർദേശിക്കുന്നു. 500 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്നവർ ഇപ്പോൾ ഒരു യൂണിറ്റിന് ഏഴര രൂപയാണ് നൽകുന്നത്. ഇത് 6.90 രൂപയായി കുറയ്ക്കാനാണ് നിർദേശം.
വ്യവസായങ്ങളുടെ നിരക്ക് യൂണിറ്റിന് ഇക്കൊല്ലം 5.50 രൂപയിൽ നിന്ന് അഞ്ചു രൂപയായും അടുത്തവർഷം നാലര രൂപയായും കുറയ്ക്കാൻ നിർദേശിക്കുന്നു. ഇക്കൊല്ലം 1101.72 കോടി രൂപയുടേയും അടുത്തവർഷം 700.44 കോടി രൂപയുടേയും നിരക്ക് വർധന നടപ്പാക്കാനാണ് വൈദ്യുതി ബോർഡ് നിർദേശിക്കുന്നത്.