ഗാന്ധിനഗർ: രണ്ടു ദിവസങ്ങളിലായി രാത്രി ഏഴു മുതൽ 11 വരെ 36 തവണ വൈദ്യുതി ബന്ധം നിലച്ചു. കാരണം അന്വേഷിച്ച് ഉപഭോക്താക്കൾ.
ഗാന്ധിനഗർ സബ് സ്റ്റേഷനിലെ പാറപ്പുറം, അങ്ങാടിപ്പള്ളി, കസ്തൂർബാ ഭാഗത്തുള്ള വൈദ്യുതി ലൈനിലാണ് വൈദ്യുതി തടസം നേരിടുന്നത്. ഇങ്ങനെ വൈദ്യുതി തടസം ഉണ്ടാകുന്നത്, വീടുകളിലെ ചില ഇലട്രിക് ഉപകരണങ്ങൾക്ക് കേടുപാടു സംഭവിക്കുവാൻ കാരണമാകുമെന്ന് പ്രദേശവാസികൾ പറയുന്നു.
ബുധനാഴ്ച വൈകുന്നേരം മഴയെ തുടർന്ന് വൈദ്യുതി പോയി. ഒരു മണിക്കൂറിനകം വൈദ്യുതി വന്നു. പിന്നീടുള്ള മൂന്നു മണിക്കൂറിനുള്ളിൽ വൈദ്യുതി വരും മിനിട്ടുകൾക്കുള്ളിൽ പോകും. വീണ്ടും വരും, പോകും. ഇത് പല തവണ ആവർത്തിച്ചു.
വ്യാഴാഴ്ച രാത്രിയിലും, ഇന്നു രാവിലെ ആറു മുതൽ ഒന്പതു വരേയും ഇത്തരത്തിൽ വൈദ്യുതി ബന്ധം പോകുകയും ഉടൻ തന്നെ വരുകയും ചെയ്യുന്നു. എന്താണ് കാരണമെന്ന് അന്വേഷിച്ച ഉപഭോക്താക്കളോട് പ്രതികരിക്കുവാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നുമാണ് ആക്ഷേപം.