ഇരിങ്ങാലക്കുട: ടൗണിൽ വൈദ്യുതി തടസം തുടർക്കഥയാവുന്നു. ആസൂത്രണത്തിലെ പാളിച്ചയാണ് ഇതിനു കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. മുന്നറിയിപ്പില്ലാതെ നടത്തുന്ന സബ്സ്റ്റേഷൻ ഷട്ട് ഡൗണ്‍, കോണ്ട്രാക്റ്റ് വർക്കുകൾക്ക് പുറമെ ഫീഡർ ഫോൾട്ട് എന്ന പേരിൽ സ്ഥിരം വൈദ്യുതി പോകുന്ന അവസ്ഥയാണ് ഇരിങ്ങാലക്കുടക്കാർ ഇടവിട്ട് അനുഭവിക്കുന്നത്.
കാലവർഷം തുടങ്ങിയതോടെ കാറ്റിൽ വൈദ്യുത കന്പികളിൽ മരങ്ങൾ വീഴുന്നു, ഫീഡർ ഫാൾട്ട്, ലൈനിൽ തൂപ്പു വെട്ടൽ പണി എന്നിവയൊക്കെയാണ് ഓഫീസിലേക്ക് വിളിച്ചാൽ പലപ്പോഴും കിട്ടുന്ന മറുപടി.
നാല് ഫീഡറുകളാണ് സെക്ഷൻ ഓഫീസിന്റെ പരിധിയിൽ. 23,500 ഉപഭോക്താക്കളാണ് സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ളത്. ഒരു ഫീഡർ തകരാറിലായാൽ അടുത്ത ഫീഡറിലേക്ക് കണക്ട് ചെയ്യാൻ കഴിയുന്ന ബാക്ക് ഫീഡിംഗ് സന്പ്രദായമുണ്ടെങ്കിലും പൂർണമായും പലപ്പോഴും കണക്ട് ചെയ്യുവാൻ സാധിക്കാറില്ല. ഇതുമൂലം ഒരു ഫീഡർ തകരാറിലായാൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങും.
കാട്ടൂരിൽ നിന്നുമുള്ള ടൗണ്‍ ഫീഡർ കിഴുത്താണി കുളം വരെയാണ്. കാട്ടൂർ സബ് സ്റ്റേഷൻ 110 കെവി സബ് സ്റ്റേഷനാക്കി ഉയർത്തിയതിന്റെ പ്രയോജനം പൂർണമായും ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
നഗരാതിർത്തിയിൽ പുതുതായി ലൈൻ വലിക്കുന്നതിനും ട്രാൻസ്ഫോർമർ സ്ഥാപിക്കാനും ലഭിച്ച രണ്ട് കോടിയുടെ കേന്ദ്ര സഹായം ലഭിച്ചീട്ടുണ്ടങ്കിലും പൂർണമായും ഉപയോഗിച്ചില്ല. നഗരങ്ങളിൽ കന്പിക്കുപകരം കേബിളുകളാക്കുന്ന എബിസി പദ്ധതി ഇതുവരെയും നടപ്പാക്കിയില്ല.
22,000 ഉപഭോക്താക്കളുള്ള വെള്ളാങ്കല്ലൂർ ഇലക്ട്രിക്കൽ മേജർ സെക്ഷനിലും വൈദ്യുതി മുടക്കം പതിവാണ്. സെക്ഷൻ വിഭജിച്ച് കരൂപ്പടന്ന പള്ളിനട കേന്ദ്രമാക്കി പുതിയ വൈദ്യുതി സെക്ഷൻ ഓഫീസ് ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്്. പടിഞ്ഞാറ് കനോലി കനാൽ മുതൽ കിഴക്ക് കാരുമാത്ര നെടുങ്ങാണം വരെയും വടക്ക് കോന്പാറ മുതൽ തെക്ക് കരൂപ്പടന്ന പാലം വരെയുള്ള 75 ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ ഭൂപ്രദേശമാണ് വെള്ളാങ്കല്ലൂർ മേജർ സെക്ഷന്റെ കീഴിലുള്ളത്.
വെള്ളാങ്കല്ലൂർ പഞ്ചായത്തിന്റെ മുഴുവൻ ഭാഗങ്ങളും വേളൂക്കര, പൂമംഗലം പഞ്ചായത്തുകളുടെ ഭാഗങ്ങളും ഉൾപ്പെടുന്നതാണ് സെക്ഷന്റെ പരിധി. ഇരിങ്ങാലക്കുട 110 കെവി സബ് സ്റ്റേഷനും വെള്ളാങ്കല്ലൂർ 33 കെവി സബ് സ്റ്റേഷനും സെക്ഷന്റെ പരിധിയിലാണ്. പകൽ സമയത്ത് തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
താലൂക്കാശുപത്രിയിൽ ലാബ്, എക്സ്റേ യൂണിറ്റ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വരുന്നതിനാൽ പനി ബാധിച്ച് വരുന്ന നൂറുകണക്കിന് രോഗികൾ കഷ്ടപ്പെടുന്നു. സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും അനിശ്ചിതത്വത്തിലാണ്.
അക്ഷയകേന്ദ്രങ്ങളിലും വില്ലേജ് ഓഫീസുകളിലും വൈദ്യുതി തടസപ്പെടുന്നതിനാൽ അവശ്യ സർട്ടിഫിക്കറ്റുകൾ പോലും ലഭിക്കുന്നില്ല. എന്നാൽ മഴസമയത്ത് രാത്രികാലങ്ങളിൽ പോലും വൈദ്യതി തടസപ്പെടാതിരിക്കാൻ ശ്രമിക്കുന്ന ജീവനക്കാരുടെ ഉദ്യമങ്ങളെ പ്രശംസിക്കാതെ വയ്യ.