കാഞ്ഞിരപ്പള്ളി: വൈദ്യുതി മുടക്കം പതിവായത് ഉപയോക്തക്കൾക്ക് ദുരിതമാണെങ്കിൽ മോഷ്ടക്കൾക്ക് സന്തോഷമാണ്. കോടികൾ ചെലവിട്ട് കാഞ്ഞിരപ്പള്ളി നഗരത്തിലും മുണ്ടക്കയം, എരുമേലി പട്ടണങ്ങളിലും 11 കെവി ലൈനുകൾ കേബിൾ വഴിയാക്കിയിട്ടും കാര്യമായ പ്രയോജനമില്ല. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിലെ വൈദ്യുതി സബ് സ്റ്റേഷനുകൾ 66 കെവിയിൽ നിന്നും 110 ആക്കിയിട്ടും കൂട്ടിക്കൽ, മണിമല എന്നിവിടങ്ങളിൽ 33 കെവി സബ് സ്റ്റേഷനുകൾ ആരംഭിച്ചും എരുമേലിയിൽ 110 കെവി സബ് സ്റ്റേഷൻ തുടങ്ങിയിട്ടും വൈദ്യുതി വിതരണ തടസത്തിൽ നിന്നും കിഴക്കൻ മലയോര മേഖല ഇനിയും മോചിതമായിട്ടില്ല.
ചെറിയ മഴ മതി മലയോര മേഖല ഇരുട്ടിലാകാൻ. രാവും പകലും ഇതു തന്നെയാണ് സ്ഥിതി. രാത്രിയിൽ പോകുന്ന വൈദ്യുതി തിരിച്ചെത്തുന്നത് പലപ്പോഴും പിറ്റേ ദിവസമാണ്. സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഇതുമൂലം ഏറെ ദുരിതത്തിലാകുന്നത്. എന്നാൽ, രാത്രിയിൽ വൈദ്യുതി മുടങ്ങുന്നത് കവർച്ചക്കാർക്ക് സന്തോഷമാണ്. സിസിടിവി സ്ഥാപിച്ചുണ്ടെങ്കിൽ പോലും ഇവർക്ക് ഇത് പ്രശ്നമല്ല. വീടുകളേക്കാൾ കൂടുതൽ വ്യാപാര സ്ഥാപനങ്ങളിലാണ് കവർച്ച നടക്കുന്നത്.
കഴിഞ്ഞയാഴ്ച മുണ്ടക്കയം പുത്തൻചന്തയിലെ രണ്ട് കടകളിൽ മോഷണം നടന്നിരുന്നു. ഒരു കടയിൽ മോഷണം നടത്തുന്നത് സിസിടിവിയിൽ പതിഞ്ഞെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മോഷ്ടാക്കൾ വീടുകളിലാണ് കവർച്ച നടത്തുന്നത്. പകൽ സമയത്ത് ഇവർ വീടും പരിസരവും മനസിലാക്കി രാത്രിയിൽ മോഷണം നടത്തുകയാണ് പതിവ്.
പകൽ ആക്രിപെറുക്കാനായി സ്ത്രീകളും കുട്ടികളും എത്തും. ആളനക്കമില്ലായെങ്കിൽ വിലപ്പിടിപ്പുള്ളതുമായി ഇവർ കടന്നുകളയും. എന്നാൽ, ലൈനുകളിലെ ടച്ചിംഗുകൾ വെട്ടിമാറ്റാത്തതാണ് വൈദ്യുതി വിതരണത്തിന് തടസമെന്ന് നാട്ടുകാർ ആരോപിച്ചു. വേനക്കാലത്ത് ടച്ചിഗുകൾ വെട്ടിമാറ്റണമെന്നാണ് നിർദേശം. എന്നാൽ, ജീവനക്കാർ ഇത് പാലിക്കാറില്ലെന്നും നാട്ടുകാർ പറഞ്ഞു.