ചെങ്ങളം: കെഎസ്ഇബി പള്ളിക്കത്തോട് സെക്ഷന്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ അടിക്കടി വൈദ്യുതി മുടങ്ങുന്നതുമൂലം പ്രദേശത്തെ കോഴികർഷകർ ആശങ്കയിൽ. കനത്ത ചൂടും വിലയിടിവും മൂലം നട്ടംതിരിയുന്ന കർഷകർക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും.
ദിവസവും പല തവണ വൈദ്യുതി മുടങ്ങുന്നതിന് പുറമേ അറ്റകുറ്റപ്പണിയുടെ പേരിൽ പകൽ മുഴുവൻ ലൈൻ ഓഫ് ചെയ്യുകയാണ്. കനത്ത ചൂടിൽ ഫാനുകൾ പ്രവർത്തിക്കാൻ സാധിക്കാതെ പ്രദേശത്തെ നിരവധി ഫാമുകളിലെ വില്പനയ്ക്ക് തയാറായ നൂറുകണക്കിന് കോഴികൾ ഈ ദിവസങ്ങളിൽ ചത്തൊടുങ്ങി.
കനത്ത ചൂടിൽ മനുഷ്യർപോലും നട്ടംതിരിയുന്ന ഈ സമയത്ത് മുഴുവൻ സമയവും ലൈൻ ഓഫാക്കിയിടുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് പ്രദേശത്തെ കർഷകർ ആവശ്യപ്പെട്ടു.
കനത്ത ചൂടിൽ ഷെഡ്യൂൾഡ് വർക്കുകൾ ചെയ്യരുതെന്ന് ഉത്തരവുള്ളപ്പോഴാണ് ഉദ്യോഗസ്ഥരുടെ ഈ നടപടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നഷ്ടപരിഹാരത്തിനായി നിയമ നടപടികൾ സ്വീകരിക്കാനും കോഴികർഷകർ ആലോചിക്കുന്നു.