തിരുവനന്തപുരം: വൈദ്യുതി കരുതലോടെ ഉപയോഗിക്കൂ എന്നഭ്യർഥിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻ കുട്ടി. ഈ വർഷം 45 ശതമാനത്തോളം മഴ കുറവ് ലഭിച്ച സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്.
ഇതിനാൽ ജല വൈദ്യുത പദ്ധതികളിൽനിന്നുള്ള വൈദ്യുതി ഉത്പാദനം പരിമിതമാണ്. അതുകൊണ്ട് വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഉർജകാര്യക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യേണ്ടതാണെന്നും മന്ത്രി ഓർമിപ്പിക്കുന്നു.
അതേ സമയം ഓണത്തിനു ശേഷം ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ പുറത്തു നിന്നു കൂടുതൽ വൈദ്യുതി വാങ്ങാനുള്ള നടപടി ക്രമങ്ങളുമായി നീങ്ങുകയാണ് വൈദ്യുതി ബോർഡ്. 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ടെൻഡർ അടുത്തമാസം നാലിനു തുറക്കും.
എന്നാൽ ഇപ്പോഴത്തെ ടെൻഡർ നടപടികളിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുകയാണു ബോർഡിനു മുന്നിലുള്ള പ്രധാന മാർഗം.
അല്ലെങ്കിൽ വില കൂടിയ വൈദ്യുതി വാങ്ങണം. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമായി 25നു ചർച്ച നടത്തും.