പൊൻകുന്നം: രണ്ടു ദിവസം മഴ പെയ്തതോടെ മലയോര മേഖലയിലെ വൈദ്യുതി വിതരണം താറുമാറായി.രണ്ടു ദിവസമായി 10 മിനിട്ട് ഇടവിട്ട് വൈദ്യുതി മുടക്കമാണ് എലിക്കുളം, ചിറക്കടവ്, വാഴൂർ, പഞ്ചായത്തുകളിൽ.പകൽ മാത്രം എഴുപതിലേറെ പ്രാവശ്യം വൈദ്യുതി മുടങ്ങിയതായി നാട്ടുകാർ പറയുന്നു. ഇത് ജനജീവിതത്തെ ഏറെ ബാധിച്ചു.
ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ലാബുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയുടെ എല്ലാം പ്രവർത്തനങ്ങൾ താളം തെറ്റിയ നിലയിലാണ്.ഇടവിട്ടുള്ള വൈദ്യുതി പ്രവാഹം റഫ്രിജറേറ്ററടക്കമുള്ള ഇലക്ടിക് ഉപകരണങ്ങ ളെയും തകരാറിലാക്കുന്നുണ്ട്. വർക് ഷോപ്പുകൾ, ലെയ്ത്ത് ,ഫാക്ടറികൾ, തടിമില്ലുകൾ തുടങ്ങിയവയുടെയെല്ലാം പ്രവർത്തനം രണ്ടു ദിവസമായി നിലച്ച മട്ടാണ്.
വൈദ്യുതി തുടർച്ചയായി തടസപ്പെട്ടതോടെ വീടുകളിലെ ഇൻവർട്ടറുകളുടെ ചാർജും ഇല്ലാതായി. മൊബൈൽ ടവറുകളുടെ സ്ഥിതിയും മറിച്ചല്ല.ഇടയ്ക്ക് എപ്പോഴോ ഉണ്ടായ ഇടിമിന്നൽ വൈദ്യുതി പോസ്റ്റുകളിലെ ഇൻസുലേറ്ററുകളെ തകരാറിലാക്കിയെന്നും ഇതുമൂലം ലൈൻ ട്രിപ്പാകുന്നതാണ് മുടക്കത്തിന് കാരണമെന്നുമാണ് കെ.എസ്.ഇ.ബി.അധികൃതർ പറയുന്നത്.
മരങ്ങൾ ഒടിഞ്ഞുവീഴുന്നതും മറ്റൊരു കാരണമായി പറയുന്നു.എന്തായാലും കാലവർഷ ആരംഭത്തിൽ തന്നേ ഇതാണ് അവസ്ഥയെങ്കിൽ വരും ദിവസങ്ങളിൽ എന്തായിരിക്കുമെന്ന ആശങ്കയിലാണ് മലയോര നിവാസികൾ.