കോട്ടയം: വേന്പനാട്ടുകായലിലെയും കുട്ടനാടൻ തോടുകളിലെയും പോള വാരി അരച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ കോട്ടയം മാർക്കറ്റിൽ തുടങ്ങിയ പ്ലാന്റ് തുരുന്പെടുക്കുന്നു. പാടശേഖരങ്ങളിലെയും കോട്ടയം മാർക്കറ്റിലെയും അവശിഷ്ടങ്ങൾ അരച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കുമെന്നായിരുന്നു ആറു വർഷം മുന്‍പ് നടത്തിയ പ്രഖ്യാപനം.
കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയതല്ലാതെ പോള അരയ്ക്കലും വെളിച്ചവുമുണ്ടായില്ല. അഞ്ചു കോടിയോളം രൂപയാണ് കുട്ടനാട് പാക്കേജിൽ വെള്ളത്തിലായത്.ള വാരി ഉണക്കിയശേഷം അരച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും ശേഷിക്കുന്നത് ജൈവവളമാക്കുകയും ചെയ്യാനുള്ള പ്ലാന്റാണ് കോട്ടയത്തുണ്ടാക്കിയത്.
ഏതാനും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും താത്പര്യമായിരുന്നു ഇതിനു പിന്നിൽ. പോള അരച്ച് വൈദ്യുതി തയാറാക്കാനുള്ള സാങ്കേതിക വിദഗ്ധരില്ലാതെയാണ് ഇതിനുള്ള യന്ത്രവും മറ്റ് സജ്ജീകരണങ്ങളും ഏർപ്പെടുത്തിയത്. വൈദ്യുതി ഉത്പാദിപ്പിച്ചാൽ തന്നെ അത് വൈദ്യുതി ബോർഡ് ഏറ്റെടുക്കുമോ എന്നതിലും ഉറപ്പുണ്ടായിരുന്നില്ല.
ദിവസം ഒരു ടണ്‍ മാലിന്യം വീതം സംസ്കരിക്കാനായിരുന്നു പദ്ധതി. അഞ്ചു വർഷത്തിനുള്ളിൽ വേന്പനാട്ടുകായലിലെ പോള അപ്പാടെ നീക്കം ചെയ്യാൻ പറ്റുംവിധം കുടുംബശ്രീയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. നിലവിൽ യന്ത്രങ്ങൾ തുരുന്പെടുത്തു നശിക്കുകയാണ്. കുട്ടനാട് പാക്കേജിലെ മറ്റ് പല പദ്ധതികളും പോലെ ധൂർത്തിന്റെ മറ്റൊരു ഭാഗമായിരുന്ന മാലിന്യത്തിൽ നിന്നുള്ള വൈദ്യുതി.