മുംബൈ/ന്യൂഡൽഹി: റദ്ദാക്കിയ കറൻസിയിൽ തിരികെയെത്താത്തത് 10,720 കോടി രൂപയുടെ കറൻസി മാത്രം. 15,31,073 കോടി രൂപയുടെ കറൻസി നോട്ടുകൾ തിരികെ റിസർവ് ബാങ്കിൽ എത്തി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)യുടെ 2017-18 വാർഷിക റിപ്പോർട്ടിലാണ് ഈ കണക്ക്. 500 രൂപയുടെയും 1000 രൂപയുടെയും കറൻസികൾ റദ്ദാക്കുന്നതായി 2016 നവംബർ എട്ടിനു രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ആ നാടകീയ നടപടികൊണ്ട് സർക്കാർ പറഞ്ഞതോ സ്വപ്നം കണ്ടതോ ആയ കാര്യങ്ങളൊന്നും നടന്നില്ലെന്നു കണക്ക് വ്യക്തമാക്കുന്നു.
രാജ്യത്തെ ഭീമമായ കള്ളപ്പണത്തിൽ നല്ലപങ്ക് ഉയർന്ന മൂല്യമുള്ള കറൻസിയായാണ് സൂക്ഷിക്കുന്നതെന്നും അതു തിരികെ ബാങ്കിലെത്തില്ലെന്നുമാണ് സർക്കാർ കരുതിയത്. അങ്ങനെയല്ല നടന്നത്. റദ്ദാക്കിയ 15.42 ലക്ഷം കോടി രൂപയുടെ കറൻസിയിൽ 99.3 ശതമാനം തിരിച്ചെത്തി.
അഞ്ചു ലക്ഷം കോടി രൂപയുടെ കറൻസി തിരിച്ചത്തില്ലെന്നും അത്രയും തുക റിസർവ് ബാങ്കിനു ലാഭമാകുമെന്നും അതുപയോഗിച്ചു വലിയ എന്തെങ്കിലും ക്ഷേമപദ്ധതി നടപ്പാക്കാമെന്നും ഗവൺമെന്റ് സ്വപ്നം കണ്ടിരുന്നു. അതും നടന്നില്ല.
തിരിച്ചുവരാത്തതിൽ നല്ലൊരുഭാഗം നേപ്പാളിലും ഭൂട്ടാനിലും ഉണ്ട്. അവിടെയുള്ള റദ്ദായ കറൻസി എന്തുചെയ്യണമെന്ന് ഇന്ത്യ തീരുമാനമെടുത്തിട്ടില്ല. കോടതികളിൽ തൊണ്ടിമുതൽ ആയി ഇരിക്കുന്ന തുകയും ചെറുതല്ല. സ്വാഭാവികമായി നഷ്ടപ്പെട്ടുപോയതും ഉടമകൾ വച്ചിരിക്കുന്ന സ്ഥലം മറന്നുപോയതുമൊക്കെയായി കുറേ കറൻസികൂടി കണക്കിൽപ്പെടാതെയുണ്ട്. അതെല്ലാം ഉൾപ്പെടെയാണ് 10,720 കോടിയുടെ കറൻസി തിരിച്ചുവരാത്തത്.
കള്ളപ്പണം പിടിക്കാനോ ഇല്ലാതാക്കാനോ ഉദ്ദേശിച്ചു ചെയ്ത നടപടി ആ ലക്ഷ്യം നേടിയില്ല. കറൻസി മുഴുവൻ നിയമാനുസൃത വരുമാനത്തിന്റെ ഭാഗമായി ബാങ്കുകളിലെത്തി.എന്നാൽ, ഇതിന്റെ പേരിൽ ഒന്നര വർഷം രാജ്യത്തെ സാന്പത്തികവളർച്ച പിന്നോട്ടടിച്ചു. കോടിക്കണക്കിനു പേർക്ക് താത്കാലികമായും ലക്ഷക്കണക്കിനു പേർക്ക് സ്ഥിരമായും ജോലി നഷ്ടപ്പെട്ടു.
കറൻസി റദ്ദാക്കൽമൂലം സാന്പത്തികവളർച്ച ഒന്നര ശതമാനം കുറഞ്ഞെന്നും ഇത് 2.25 ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമാണ് ഉണ്ടാക്കിയതെന്നും മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം പറഞ്ഞു.
ദിവസക്കൂലിക്കാരായ 15 കോടി ആൾക്കാർക്ക് ആഴ്ചകളോളം പണിയില്ലാതായി. ഇനിയും തിരിച്ചുവരാത്ത ഒരു ചെറിയഭാഗം കറൻസിയാണ് പ്രയോഗത്തിൽ കറൻസി അല്ലാതായിമാറിയത്. മൂന്നു ലക്ഷം കോടിയുടെ കറൻസി തിരിച്ചുവരില്ലെന്നു പറഞ്ഞവർ ഇപ്പോൾ എന്തുപറയുന്നെന്നു ചിദംബരം പരഹസിച്ചു ചോദിച്ചു.
പ്രചാരത്തിലുള്ളത് 19.43 ലക്ഷം കോടി രൂപയുടെ കറൻസി
മുംബൈ: കറൻസി റദ്ദാക്കലിന് ഒരു കാരണം പറഞ്ഞത് രാജ്യത്തു കറൻസി കൂടുതലാണെന്നതാണ്. മറ്റൊന്ന് ഉയർന്ന മൂല്യമുള്ള കറൻസികൾ കള്ളപ്പണം പൂഴ്ത്തിവയ്ക്കൽ എളുപ്പമാക്കുന്നു എന്നും.
രണ്ടു വാദങ്ങളും പൊളിഞ്ഞു. റദ്ദാക്കിയ അഞ്ഞൂറിനും ആയിരത്തിനും പകരം അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കറൻസികളാണ് ഇറക്കിയത്. റദ്ദായതിന്റെ ഇരട്ടിമൂല്യമുള്ള കറൻസിയിൽ കള്ളപ്പണം സൂക്ഷിക്കാൻ കൂടുതൽ ബുദ്ധിമുട്ടായില്ലെന്നു പിൽക്കാല സംഭവങ്ങൾ തെളിയിച്ചു.
വികസിതരാജ്യങ്ങൾ കറൻസിയിൽനിന്നു ഡിജിറ്റൽ ഇടപാടിലേക്കു മാറുകയാണ്, ഇന്ത്യയും മാറേണ്ടിയിരിക്കുന്നു എന്നാണ് 2016 നവംബർ മുതൽ കേട്ടത്. ജനം അതിവേഗം ഡിജിറ്റൽ യുഗത്തിലേക്കു പ്രവേശിക്കുന്നുവെന്നും പ്രചാരണമുണ്ടായി. പക്ഷ, കറൻസി റദ്ദാക്കലിനു രണ്ടു വർഷം തികയുംമുന്പേ പണ്ടുണ്ടായിരുന്നതിലേറെ കറൻസി രാജ്യത്ത് പ്രചാരത്തിലുണ്ടായി എന്നതാണു സത്യം.
17.97 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസി രാജ്യത്തുണ്ടായിരുന്നപ്പോഴാണ് കറൻസി റദ്ദാക്കിയത്. ഈ മാസം 17ലെ കണക്കനുസരിച്ച് രാജ്യത്ത് 19.43 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസി ഉണ്ട്. റദ്ദാക്കൽ കാലത്തേക്കാൾ 1.46 ലക്ഷം കോടി കൂടുതൽ.