പത്തനംതിട്ട: അധികമായി വന്ന വൈദ്യുതിബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട പിതാവിനെ ക്രൂരമായി മർദിച്ച് അവശനാക്കുകയും കാൽമുട്ടുകൊണ്ട് ഇടിച്ച് വാരിയെല്ല് പൊട്ടിക്കുകയും ചെയ്ത മകനെ പെരുനാട് പോലീസ് പിടികൂടി.
റാന്നി അത്തിക്കയം നാറാണംമൂഴി നെടുംപതാലിൽ വീട്ടിൽ വർഗീസ് തോമസി(67)നാണ് മകൻ ബിജോയ് വർഗീസിൽ (35) നിന്നു മർദനമേറ്റത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്പതിനാണ് സംഭവം. അധികമായി വന്ന കറന്റ് ബില്ല് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ മകൻ, വർഗീസ് തോമസിനെ വലിച്ചുതാഴെയിട്ട് വാരിയെല്ലിനും നെഞ്ചത്തും കാൽമുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു.
വാരിയെല്ലുകൾക്ക് പൊട്ടലേറ്റു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദനം തുടർന്നപ്പോൾ മാതാവ് ഇടയ്ക്കുകയറി ബിജോയിയെ പിടിച്ചുമാറ്റുകയായിരുന്നു.
പിറ്റേന്ന് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ പിതാവിന്റെ മൊഴിവാങ്ങി പെരുനാട് പോലീസ് സബ് ഇൻസ്പെക്ടർ വിജയൻ തമ്പി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെട്ടുകത്തികൊണ്ട് തലയ് ക്കും പുറത്തും വെട്ടിപരിക്കേൽപ്പിച്ചതിന് 2016ൽ ഇയാൾക്കെതിരേ പെരുനാട് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
കൂടാതെ, അയൽവാസിയായ വീട്ടമ്മയെ ഉപദ്രവിച്ചതിന് 2020ൽ എടുത്ത ദേഹോപദ്രവക്കേസിലും പ്രതിയാണ്.പോലീസ് ഇൻസ്പെക്ടർ രാജിവ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.