കൊച്ചി: പോലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ചശേഷം സ്റ്റേഷനിൽനിന്നും രക്ഷപ്പെട്ട കസ്റ്റഡി പ്രതിയെ കൊച്ചിയിലെത്തിച്ചു. മറ്റൊരു കേസിൽ തൃത്താല പോലീസ് പിടികൂടി റിമാൻഡ് ചെയ്ത പൊന്നാനി പുതുമാലിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷിനെ (21) ഇന്നലെയാണു കൊച്ചിയിലെത്തിച്ചത്.
ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും തുടർന്ന് വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. പ്രതിയെ വിട്ടുകിട്ടാൻ എറണാകുളം സെൻട്രൽ പോലീസ് കോടതിയിൽ പ്രൊഡക്ഷൻ വാറണ്ടിനായി അപേക്ഷ സമർപ്പിച്ചിരുന്നു. കോടതി അനുമതിയോടെയാണ് പ്രതിയെ കൊച്ചിയിലെത്തിച്ചത്. ഡിസംബർ അഞ്ചിന് പുലർച്ചെ സെൻട്രൽ പോലീസ് സ്റ്റേഷനിൽനിന്നുമാണു പ്രതി രക്ഷപ്പെട്ടത്.
കൊച്ചിയിലെ മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെയും കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി മുഹമ്മസ് അസ്ല (19) മിനെയും ഡിസംബർ നാലിന് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. സ്റ്റേഷനിൽ പാർപ്പിച്ച പ്രതികൾക്ക് രാത്രി ഭക്ഷണവും നൽകി.
പിറ്റേന്ന് പുലർച്ചെ പ്രാഥമികാവശ്യം നിറവേറ്റണമെന്നു പറഞ്ഞ മുഹമ്മദ് അസ്ലമിനെ പുറത്തുകൊണ്ടുപോയി തിരികെ കൊണ്ടുവരുന്പോൾ തഫ്സീർ, ഡിസ്പോസബിൾ ഗ്ലാസിൽ കരുതിയിരുന്ന കറി പാറാവുകാരനായ പോലീസുകാരന്റെ കണ്ണിലേക്ക് ഒഴിക്കുകയും ഇരു പ്രതികളും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. സ്റ്റേഷനിലെ മറ്റ് പോലീസുകാർ ചേർന്ന് ഇരുവരെയും കീഴടക്കാൻ ശ്രമിച്ചെങ്കിലും തഫ്സീർ രക്ഷപ്പെട്ടു.
ബലപ്രയോഗത്തിലൂടെ അസ്ലമിനെ കീഴടക്കിയിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പിന്നീട് ഇതര ജില്ലകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് ഉൗർജിത അന്വേഷണം നടത്തുന്നതിനിടെയാണു തൃത്താല പോലീസിന്റെ പിടിയിലായത്. തഫ്സീറിനെതിരേ വിവിധ സ്റ്റേഷനുകളിൽ മുപ്പതോളം കേസുകളുള്ളതായാണു പോലീസ് നൽകുന്ന വിവരം.