ഓണക്കാലമായാല്‍ കടകളില്‍ ഏറ്റവും കൂടുതല്‍ ചെലവുള്ള വസ്തുക്കളില്‍ ഒന്നാണ് കറിപൗഡറുകള്‍. മീന്‍ മസാല, ഇറച്ചി മസാല, സാമ്പാറുപൊടി, അച്ചാറുപൊടി തുടങ്ങി നിരവധി പൊടിവിഭവങ്ങള് ആളുകള്‍ വാങ്ങി ഉപയോഗിക്കാറുണ്ട്. പായ്ക്കറ്റുകളിലാക്കി വരുന്നതിനാല്‍ ഇവയുടെ ഗുണനിലവാരം എത്രമാത്രമാണെന്ന് ആര്‍ക്കും ഊഹിക്കാനും സാധിക്കുകയില്ല. കോടികളുടെ ഓണക്കൊയ്ത്തിനായി കേരളത്തിലെ വിപണിയിലെത്തുന്നത് കൊടിയ വിഷം ചേര്‍ന്ന കറിപ്പൊടികളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ കമ്പനികളുടെ ബ്രാന്‍ഡഡ് കറിപൊടികളിലാണ് കൊടിയ വിഷം കലര്ന്നിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. മുന്‍ വര്‍ഷങ്ങളിലും വിവിധ ബ്രാന്‍ഡുകളുടെ കറിപ്പൊടികളില്‍ മായം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തുകയും വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിലക്കുകള്‍ നീങ്ങിയതോടെ നിരവധി കമ്പനികളാണ് മായം കലര്‍ന്ന കറിപൊടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഓണക്കാലത്ത് കറിപൊടി ബിസിനസില്‍ കോടിക്കണക്കിനു രൂപയാണ് കേരളത്തില്‍ മറിയുന്നത്. മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ആട്ട, മൈദ, ഗോതമ്പ് എന്നിവയാണ് പാക്കറ്റുകളിലാക്കി ചെറു കടകളില്‍ തുടങ്ങി സൂപ്പര്‍മാര്‍ക്കറ്റില്‍ വരെ വിറ്റഴിക്കുന്നത്. എന്നാല്‍ ഇവയില്‍ അളവ് കൂട്ടുന്നതിനായി മാരകമായ തോതില്‍ മായം ചേര്‍ക്കുന്നുണ്ടെന്നതാണ് വസ്തുത. കോടിക്കണക്കിനു രൂപയാണ് ഓണക്കാലത്ത് ഓരോ കമ്പനിയും പരസ്യങ്ങള്‍ക്കായി മാത്രം ചിലവാക്കുന്നത്. കഴിഞ്ഞ വര്‍ഷം കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ സംസ്ഥാനത്ത് വില്‍പ്പന നടത്തുന്ന മുളക് പൊടിയില്‍ മാരകമായ കീടനാശിനികള്‍ അടങ്ങിയതായി കണ്ടെത്തിയിരുന്നു. കാഡ്മിയം പോലുള്ള മാരക വിഷം മുളക് പൊടിയില്‍ കലര്‍ന്നിരുന്നു. തമിഴ്നാട്ടിലെ മുളക് പാടങ്ങളില്‍ വലിയ വിളവ് ലഭിക്കുന്നതിനായി ഉപയോഗിക്കുന്നതാണ് ഈ മാരക വിഷം. മുളകു പൊടിയില്‍ കണ്ടെത്തിയ കീടനാശിനികള്‍ക്കൊന്നും പരിധി നിശ്ചിയിച്ചിട്ടില്ല. ചെറിയ തോതിലെ കീടനാശിനി സാധ്യത പോലും ഗുരുതരമായതുകൊണ്ടാണ് ഇത്.
എന്നാല്‍ വേണ്ട ഗൗരവം ഇക്കാര്യത്തില്‍ അധികാരികള്‍ കാട്ടുന്നുമില്ല. എത്തിയോണ്‍, ബൈഫന്‍ത്രിന്‍, പ്രൊഫനോഫോസ്, ക്ളോര്‍ പൈറിഫോസ് എന്നിവയാണ് വിവിധ കമ്പനികളുടെ മുളകുപൊടികളില്‍ കണ്ടെത്തിയ വിഷാംശങ്ങള്‍. മാരക വിഷാംശമായ എത്തിയോണ്‍ എന്ന കീടനാശിനി സാധാരണ ഗതിയില്‍ മരണത്തിന് പോലും കാരണമാകും. ക്ളോര്‍ പൈറിഫോസ് കറിവേപ്പിലയിലും മറ്റും തളിക്കുന്ന കീടനാശിനിയാണ്. മാരകമായ കീടനാശിനികള്‍ കറിപൗഡറുകളില്‍ അടങ്ങിയിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. ഉത്പന്നങ്ങളില്‍ സ്റ്റാര്‍ച്ച് (അന്നജം) സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയമ പ്രകാരം കറി പൗഡറുകളില്‍ സ്റ്റാര്‍ച്ച് സാന്നിദ്ധ്യം ഉണ്ടാകാന്‍ പാടില്ല, അതായത് പൂജ്യം ശതമാനം ആയിരിക്കണം. മുളകുപൊടി കഴിഞ്ഞാല്‍ മല്ലിപൊടിയും മഞ്ഞള്‍പൊടിയുമാണ് ഏറെ ഉപയോഗിക്കുന്നത്. ഇതില്‍ സ്റ്റാര്‍ച്ചിന്റെ (അന്നജം) സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അളവ് വര്‍ധിപ്പിക്കാനാണ് കൃത്രിമമായി ഇത് ചേര്‍ക്കുന്നതെന്നും ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു.