കൊച്ചി: മൂന്ന് വിദ്യാര്‍ഥികളടക്കം നാല് പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ടെക്ഫെസ്റ്റ് ദുരന്തത്തില്‍ ആറ് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പ്രിന്‍സിപ്പാളിനും സംഗീത പരിപാടിയുടെ ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപര്‍ക്കും മൂന്ന് വിദ്യാര്‍ഥികള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്റിക്കേറ്റ് യോഗത്തിന്റെ തീരുമാനം.
സംഗീത പരിപാടിയെക്കുറിച്ച് പോലീസില്‍ അറിയിക്കാന്‍ വീഴ്ച വരുത്തിയ ഡപ്യൂട്ടി രജിസ്ട്രാര്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും.
ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഭാവിയില്‍ വേണമെന്നും അതിനായി നടപടി വേണമെന്നും ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.
സംഘാടനത്തില്‍ ഗുരുതര വീഴ്ചയെന്ന് ഉപസമിതി റിപ്പോര്‍ട്ട്
കുസാറ്റ് ടെക് ഫെസ്റ്റിന്റെ സംഘാടനത്തില്‍ ഗുരുതര വീഴ്ച ഉണ്ടായതായി സിന്‍ഡിക്കറ്റ് ഉപസമതി റിപ്പോര്‍ട്ട്. പോലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് കൈമാറുന്നതില്‍ രജിസ്ട്രാര്‍ക്ക് വീഴ്ച സംഭവിച്ചു. ടെക്ഫെസ്റ്റിന്റെ സാമ്പത്തിക വശങ്ങള് പരിശോധിക്കുമെന്നും വൈസ് ചാന്‍സലര്‍ക്ക് നല്കിയ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തിക്കും തിരക്കും നിയന്ത്രിക്കുന്നതില്‍ സംഘാടകര്‍ക്ക് വീഴ്ചയുണ്ടായി. അനധികൃതമായ പണപ്പിരിവ് നടന്നിട്ടുണ്ടോ എന്ന സംശയമുണ്ടെന്നും സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ അന്വേഷണം ഉണ്ടാകും.
സംഭവത്തില്‍ ഇതുവരെ ആരെയും പോലീസ് പ്രതി ചേര്‍ത്തിട്ടില്ല. നൂറിലേറെ പേരുടെ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉപസമിതി റിപ്പോര്‍ട്ട് പരിഗണിച്ചശേഷമായിരിക്കും പ്രതി ചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കുക.
നവംബര്‍ 25-നാണ് കുസാറ്റിലെ ടെക് ഫെസ്റ്റില്‍ ഉണ്ടായ അപകടത്തില്‍ നാലു പേര് മരിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ 27ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് പുതിയ ഉപസമിതിയെ നിയോഗിച്ചത്.