തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സമാനസംഭവം സംസ്ഥാനത്ത് വീണ്ടും ആവര്‍ത്തിക്കുന്നു. പോലീസ് കസ്റ്റഡിയില്‍ ഗുരുതര മര്‍ദ്ദനത്തിന് ഇരയായി 15 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഓട്ടോ ഡ്രൈവര്‍ കുമരേശനാണ് മരിച്ചത്.
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് കുമരേശനെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. ഒരു ദിവസത്തിനു ശേഷം വീട്ടിലെത്തിയ കുമരേശന്‍ അധികം സംസാരിച്ചില്ല.
പിന്നീട് രക്തം ഛര്‍ദ്ദിച്ച കുമരേശനെ സുരണ്ടായയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുനല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.
കുമരേശന്റെ വൃക്കകള്‍ക്കും ആന്തരീകാവയവങ്ങള്‍ക്കും ക്ഷതമേറ്റുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയില്‍ വച്ച് തനിക്കു നേരിട്ട ക്രൂരപീഡനങ്ങളെക്കുറിച്ച് കുമരേശന്‍ വെളിപ്പെടുത്തിയത്.
പോലീസ് സ്റ്റേഷനില്‍ വച്ചു നടന്ന സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്നും അച്ഛനെ അപായപ്പെടുത്തുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായി കുമരേശന്‍ പറഞ്ഞു.
കുമരേശന്റെ മരണത്തില്‍ ബന്ധുക്കള്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ചന്ദ്രശേഖര്‍, കോണ്‍സ്റ്റബിള്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.