കൊച്ചി: വാഹനപരിശോധനയ്ക്കിടെ വാഹനം നിർത്തിയില്ലെന്ന പേരിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് മർദിച്ചതിനെത്തുടർന്ന് ഇരുന്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ വീട്ടിൽ മനോഹരൻ(52) കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മനോഹരനെ പോലീസ് മർദിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ആരോപണവിധേയനായ ഹിൽപാലസ് എസ്ഐ ജിമ്മി ജോസിനെ അന്വേഷണ വിധേയമായി സ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ വ്യക്തമാക്കി. മനോഹരൻ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം, മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതേസമയം പോലീസ് മർദിച്ചതിനെത്തുടർന്നാണ് ഹൃദയാഘാതം ഉണ്ടായതെന്നും, മനോഹരനെ പോലീസ് തല്ലിക്കൊന്നതാണെന്നും ബന്ധുക്കൾ ആരോപിച്ചു.
മനോഹരന്റെ ശരീരത്തിൽ മർദനത്തിന്റെ പാടുകളില്ലെന്നും, ഹൃദ്രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.ആന്തരിക അവയവങ്ങൾ വിശദ പരിശോധനയ്ക്ക് അയച്ചു.
പോലീസ് കംപ്ലയിന്റ് അതോരിറ്റി ചെയർമാൻ അരവിന്ദ് ബാബു ഹിൽപാലസ് പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു.
സ്റ്റേഷനിലെ സിഐക്കെതിരെയും നടപടി വേണമെന്നാണ് ബന്ധക്കളുടെയും നാട്ടുകാരുടെ ആവശ്യം. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മനോഹരന്റെ മൃതദേഹം സംസ്കരിച്ചു.
ശനിയാഴ്ച രാത്രി ഒന്പതോടെ ഇരുന്പനം മനയ്ക്കപ്പടി ഭാഗത്തുവച്ചായിരുന്നു സംഭവം. എസ്ഐ ജിമ്മി ജോസിന്റെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടെയാണ് ഹിൽപാലസ് പോലീസ് ഇരുന്പനം സ്വദേശി ചാത്തംവേലിൽ വീട്ടിൽ മനോഹരനെ കസ്റ്റഡിയിലെടുത്തത്.
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മനോഹരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ൃമനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കർശന നടപടി വേണം: പോലീസ് ഓഫീസേഴ്സ് അസോ.
നിയമവിധേയമല്ലാത്ത പോലീസ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർക്കശമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ സെക്രട്ടറി എൻ.വി. നിഷാദ് പറഞ്ഞു. ആരെയും മർദിക്കാനുള്ള അവകാശം ഒരു പോലീസുകാരനുമില്ല. നിയമവിധേയമായിട്ടുള്ള നടപടികൾ സ്വീകരിക്കുന്നതിനാണ് പോലീസുളളത്. സംഭവത്തെക്കുറിച്ച് ഒൗദ്യോഗികമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.