തിരുവനന്തപുരം: മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്ന റിമാൻഡ് പ്രതി മരിച്ചു. പോങ്ങുംമൂട് മാവർത്തലകോണം പണയിൽപുത്തൻവീട്ടിൽ അജികുമാർ (37) ആണ് മരിച്ചത്.
ജില്ലാ ജയിലിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഇയാളെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയിലിൽ വച്ച് കുഴഞ്ഞ് വീണ ഇയാളെ ജയിൽ അധികൃതർ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
കല്ലയം സ്വദേശി വിശാഖിനെ മർദ്ദിച്ച് വാരിയെല്ലുകൾ അടിച്ച് തകർത്ത കേസിലെ പ്രതിയാണ് . ഈ കേസുമായി ബന്ധപ്പെട്ട് നാല് പേരെ മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിശാഖിനെ കാറിൽ തട്ടിക്കൊണ്ട ് പോയി പോത്തൻകോട് പുതുകുന്ന് പള്ളിക്ക് സമീപത്തെ ആളൊഴിഞ്ഞ പറന്പിൽ വച്ച് പ്രതികൾ ഉൾപ്പെട്ട സംഘം അഞ്ച് മണിക്കൂറിലേറെ സമയം മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികളിലൊരാളായ കണ്ണന് വിശാഖിനോടുള്ള വിരോധത്തിലായിരുന്നു ആക്രമണം നടത്തിയത്. സഹായികളായി അജികുമാറും ഒപ്പം കൂടിയിരുന്നു.
മൂന്നാം തീയതി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലാം തീയതി അജികുമാർ ഉൾപ്പെടെയുള്ളവരെ റിമാന്റ് ചെയ്തു.
അതേസമയം കസ്റ്റഡിയിലെടുക്കുന്പോൾ തന്നെ അജികുമാറിന് ക്ഷതമേറ്റിരുന്നതായി പോലീസ് പറയുന്നു. വൈദ്യ പരിശോധനയിൽ ഇയാൾക്ക് ഒരാഴ്ചക്ക് മുൻപ് വീണ് പരിക്കേറ്റ ക്ഷതം ഉണ്ട ായിരുന്നതായി രേഖപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു. അജികുമാർ അവിവാഹിതനാണ്.