തൊടുപുഴ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഇന്ന് ഉച്ചയോടെ പീരുമേട് സബ് ജയിലിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും സന്ദർശനം നടത്തും. റിമാൻഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇതുസംബ ന്ധിച്ച് പി ടി തോമസ് എംഎൽഎ പരാതി നൽകി യിരുന്നു.
പീരുമേട് ജയിലിൽ സന്ദർശനം നടത്തിയതിനു ശേഷം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രാജ്കുമാറിനു മർദനമേറ്റെന്നു പറയപ്പെടുന്ന പോലീസുകാരുടെ വിശ്രമമുറി ഉൾപ്പെടെയുള്ള ഇടങ്ങളിലും സന്ദർശനം നടത്തും. സംഭവത്തിൽ ജുഡീഷൽ അന്വേഷണം നടത്തുന്ന ജസ്റ്റിസ്. കെ.നാരായണക്കുറുപ്പും നാളെ പീരുമേട് സബ്ജയിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനും സന്ദർശിക്കും.
കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തതിനു പുറമെ രാജ്കുമാറിന്റെ പോസ്റ്റുമോർട്ടത്തിൽ അപാകതയുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടും എഫ്ഐആറും മജിസ്റ്റീരിയൽ റിപ്പോർട്ടും സംസ്ഥാന പോലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡിജിപി ഈ റിപ്പോർട്ടുകൾ കമ്മീഷനു മുന്നിൽ ഹാജരാക്കാത്ത സാഹചര്യത്തിലാണ് അധ്യക്ഷൻ നേരിട്ട് സബ്ജയിലും പോലീസ് സ്റ്റേഷനും സന്ദർശിക്കുന്നത്.
ഇതിനിടെ രാജ്കുമാറിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ഉയർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈബ്രാഞ്ച് അന്വേഷണ സംഘം. ഇടുക്കി മുൻ എസ്പി കെ.ബി.വേണുഗോപാൽ, മുൻ കട്ടപ്പന ഡിവൈഎസ്പി പി.പി.ഷ്ംസ് എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് നീക്കം.
അന്വേഷണ പുരോഗതി വിലയിരുത്താനെത്തിയ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാൾ നെടുങ്കണ്ടം റസ്റ്റ് ഹൗസിലെത്തി കസ്റ്റഡിയിൽ വാങ്ങിയ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിനെ നേരിട്ട് ചോദ്യം ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് പ്രതിയെ കസ്റ്റഡിയിൽ സുക്ഷിച്ചതെന്നാണ് എസ്ഐ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
ആദ്യ മൊഴികളിൽ തന്നെ ഇയാൾ ഉറച്ചു നിന്നതോടെയാണ് അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കാൻ ക്രൈെംബ്രാഞ്ച് സംഘം തീരുമാനിച്ചത്. ഇതിനായി ആഭ്യന്തര വകുപ്പിന്റെ പ്രത്യേക അനുമതി തേടും. ഇതു കൂടാതെ രാജ്കുമാറിനെയും രണ്ടും മൂന്നും പ്രതികളായ ശാലിനിയെയും മഞ്ജുവിനെയും മർദിക്കുന്നതിൽ പങ്കാളികളായ വനിത പോലീസ് ഉൾപ്പെടെ നാല് പോലീസുകാരുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കും.